ന്യൂഡൽഹി: കുട്ടികളുടെ ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ധാരണ, ബോഡി അവെയർനസ്, നല്ലതും മോശവുമായ സ്പർശനങ്ങൾ (ഗുഡ് ടച്ച് & ബാഡ് ടച്ച്) തിരിച്ചറിയാനുള്ള കഴിവ്, സമ്മതം (സമ്മതപൂർവ്വമുള്ള പെരുമാറ്റം) എന്നിവ പ്രാഥമിക വിദ്യാഭ്യാസ ഘട്ടം മുതൽ കുട്ടികളെ പഠിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ സ്കൂളുകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സുപ്രധാന നിർദ്ദേശങ്ങൾ നൽകിയത്.
സ്കൂളുകളിലെ ക്ലാസ്മുറികൾ, ലൈബ്രറികൾ, കംപ്യൂട്ടർ ലാബുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ എല്ലാ പ്രധാന സ്ഥലങ്ങളിലും ബാലസുരക്ഷാ ഹെൽപ് ലൈൻ നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. കുട്ടികൾ എന്തെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിനോ ഓൺലൈൻ വഴിയിലുള്ള ഗ്രൂമിംഗിനോ ഇരയായാൽ അല്ലെങ്കിൽ മാനസിക ബുദ്ധിമുട്ടുകൾ അറിയിച്ചാൽ അധ്യാപകരും അധികൃതരും അത് കൃത്യമായി കേൾക്കാനും ഉചിതമായി പ്രതികരിക്കാനും തയ്യാറാകണം. ഇതിനായി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും പ്രത്യേകം പരിശീലനം നൽകാനും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
എൻസിഇആർടിയും (NCERT) സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതികളും (SCERT) കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ ഡിജിറ്റൽ സുരക്ഷാ പാഠങ്ങളും ലൈംഗിക വിദ്യാഭ്യാസവും സംയോജിപ്പിച്ചുള്ള സിലബസ് തയ്യാറാക്കണം. കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിരന്തരമായ ബോധവൽക്കരണ പരിപാടികൾ നടത്തണം. ഇതിനുപുറമെ, കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് ആവശ്യമായ സൗജന്യ കൗൺസിലിങ്, കൗൺസിലർമാരുടെ മാനസിക പിന്തുണ, അടിയന്തര വിദഗ്ദ്ധ ചികിത്സ എന്നിവ എത്രകാലം ആവശ്യമാണോ അത്രയും കാലം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.









