ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ ദാരുണമായി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആവശ്യത്തിന് ഭക്ഷണമോ പരിചരണമോ ലഭിക്കാതെ കാർത്തികപ്പള്ളി-ഡാണാപ്പടി റോഡരികിലെ പുരയിടത്തിൽ പ്ലാസ്റ്റിക് ഷെഡ്ഡിൽ കഴിഞ്ഞിരുന്ന രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുലാണ് പട്ടിണിയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ മൃതദേഹത്തിന് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയുംമൂപ്പില്ലാത്ത ശരീരഭാരവും വ്യക്തമായത്. രണ്ട് വയസ്സ് പ്രായമുള്ള ഒരു കുട്ടിക്ക് സാധാരണ ഉണ്ടാകേണ്ട 12 കിലോ ഭാരത്തിന് പകരം വെറും 7 കിലോ മാത്രം ഭാരമേ രാഹുലിന് ഉണ്ടായിരുന്നുള്ളൂ.
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു പിതാവ് രാജേഷിന്റെ മൊഴിയെങ്കിലും, ഇത് പൂർണ്ണമായും തള്ളിക്കളയുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാതാപിതാക്കളുടെ കടുത്ത അവഗണനയാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്ന നാട്ടുകാരുടെ പരാതി ശരിവെക്കുന്നതാണ് മെഡിക്കൽ കോളേജിൽ നടന്ന പരിശോധനാ ഫലങ്ങൾ.
അടിസ്ഥാന സൗകര്യങ്ങളോ അടച്ചുറപ്പോ ഇല്ലാത്ത വീടിനുള്ളിൽ തികഞ്ഞ വൃത്തിഹീനമായ സാഹചര്യത്തിലാണ് കുട്ടികൾ കഴിഞ്ഞിരുന്നത്. അമ്മ താരയെ ഏഴാമത്തെ പ്രസവത്തിനായി ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞിന് കൃത്യമായ ഭക്ഷണം നൽകാനോ നോക്കാനോ മാതാപിതാക്കൾ തയ്യാറായിരുന്നില്ലെന്നും അയൽവാസികൾ പറയുന്നു. കുഞ്ഞുങ്ങൾക്ക് രാത്രിയിൽ കട്ടൻചായയിൽ ബിസ്കറ്റ് കലക്കി നൽകുകയോ വെള്ളം കലർത്തിയ പാൽ മൂത്ത കുട്ടികളുടെ കൈവശം കൊടുത്തുവിടുകയോ മാത്രമാണ് പതിവ്. ഒമ്പത് വയസ്സുള്ള കുട്ടിയാണ് കിണറ്റിൽനിന്ന് വെള്ളം കോരിയിരുന്നത്.
സംഭവത്തെ തുടർന്ന് വൻ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ, ദമ്പതികളുടെ മറ്റു കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി അടിയന്തരമായി ഏറ്റെടുക്കുകയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പൊലീസും ശിശുക്ഷേമ വകുപ്പും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












