മുംബൈയിൽ 33 വയസ്സുകാരനായ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരോധിത തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ബിഹാർ സ്വദേശിയും മുംബൈ മഹിം മേഖലയിൽ വർഷങ്ങളായി താമസക്കാരനുമായ മുഹമ്മദ് ഹസൻ അബു സർമദ് അക്തർ എന്നയാളാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പകൽ സമയങ്ങളിൽ റാപ്പിഡോ റൈഡറായും അത്തർ വില്പനക്കാരനായും ജോലി ചെയ്തിരുന്ന ഇയാൾ രാത്രികാലങ്ങളിൽ സമൂഹമാധ്യമങ്ങൾ വഴി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഇയാൾക്കെതിരെ കടുത്ത വർഗ്ഗീയ പരാമർശങ്ങൾ പ്രചരിപ്പിച്ചതിനും തീവ്രവാദ അനുകൂല സന്ദേശങ്ങൾ പങ്കുവെച്ചതിനും ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ പ്രസംഗങ്ങളും വർഗ്ഗീയ വിദ്വേഷം വളർത്തുന്ന ഓഡിയോ ക്ലിപ്പുകളും ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ഇയാൾ വൻതോതിൽ പ്രചരിപ്പിച്ചിരുന്നു. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനവുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് താഴെയും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ഇയാൾ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലുള്ള കുറിപ്പുകൾ ഇട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തി.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്റുമാരുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്‌ടോപ്പും സാങ്കേതിക പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മാഹിം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.








