ബാരമുളളയിൽ നടന്ന പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തിൽ അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാൻ കാശ്മീർ വിഷയം നിരന്തരം ഉന്നയിക്കുന്നതിനെ പരാമർശിച്ച് ഫറൂഖ് അബ്ദുള്ള സംസാരിച്ചതാണ് വൻ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിതെളിച്ചത്. കാശ്മീർ വിഷയം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കുന്നത് മേഖലയിലെ ജനങ്ങൾക്ക് സംരക്ഷണം നൽകുകയാണെന്നും, കേന്ദ്ര സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം അവകാശങ്ങൾക്കും സ്വത്വത്തിനും വേണ്ടി ജനങ്ങൾ ധൈര്യത്തോടെ പോരാടണമെന്നും അല്ലാത്തപക്ഷം വിലാസം ഇല്ലാതായിപ്പോകുമെന്നും ഫറൂഖ് അബ്ദുള്ള മുന്നറിയിപ്പ് നൽകി.
മെഡിക്കൽ ബിരുദധാരികൾ ഗ്രാമീണ മേഖലകളിൽ രണ്ട് വർഷം സേവനം അനുഷ്ഠിക്കണമെന്ന നിയമത്തെയും, അത് പാലിക്കാത്തവരിൽ നിന്ന് 50 ലക്ഷം രൂപ ഈടാക്കുന്ന വ്യവസ്ഥയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ലെഫ്റ്റനന്റ് ഗവർണറുടെ പരിഗണനയിലുള്ള ഫയലുകൾ ഒരു വർഷമായിട്ടും അംഗീകരിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളുടെ വീടുകളും കടകളും ആരാധനാലയങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, തങ്ങളുടെ അവകാശ സംരക്ഷണത്തിനായി രാജ്യത്തെ മുസ്ലീങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ആഹ്വാനം ചെയ്തു.
ഫറൂഖ് അബ്ദുള്ളയുടെ പരാമർശത്തിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തി. ജമ്മു കശ്മീർ ബി.ജെ.പി അധ്യക്ഷൻ സത് ശർമ്മ ഫറൂഖ് അബ്ദുള്ള രാജ്യത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾ തുടരുകയാണെങ്കിൽ അദ്ദേഹം പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്ന് വിമർശിച്ച ബി.ജെ.പി, ഇന്ത്യയിലാണ് ജമ്മു കശ്മീരിലെ മുസ്ലീങ്ങൾ സുരക്ഷിതരെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഗുണഫലങ്ങൾ അദ്ദേഹം കാണാതെ പോകുകയാണെന്നും ആരോപിച്ചു.
ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും, ഇന്ത്യയുടെ കരുത്ത് കൊണ്ടാണ് കശ്മീർ സുരക്ഷിതമായിരിക്കുന്നതെന്നും വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് വിനോദ് ബൻസാൽ പ്രതികരിച്ചു. ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മയും ഫറൂഖ് അബ്ദുള്ളയെ രൂക്ഷമായി വിമർശിക്കുകയും സ്വന്തം മകനും നിലവിലെ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയിൽ നിന്ന് കാര്യങ്ങൾ പഠിക്കാൻ ഉപദേശിക്കുകയും ചെയ്തു.








