ന്യൂയോർക്ക്/ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിലെ പൊതുസഭാ സമ്മേളനത്തിനിടെ പാകിസ്ഥാന്റെ മുഖംമൂടി വലിച്ച് കീറി ഇന്ത്യ നൽകിയ കടുത്ത രാഷ്ട്രീയ തിരിച്ചടി അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചയാകുന്നു. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ മൂന്നാം കമ്മിറ്റി സമ്മേളനത്തിൽ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പാകിസ്ഥാൻ പ്രതിനിധിക്ക് ‘ഫോം 47 സർക്കാർ’ (Form 47 Government) എന്ന മൂർച്ചയേറിയ പ്രയോഗത്തിലൂടെയാണ് ഇന്ത്യൻ പ്രതിനിധി മറുപടി നൽകിയത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി രാഘൂ പുരിയാണ് പാകിസ്ഥാൻ ഭരിക്കുന്നത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരല്ലെന്നും മറിച്ച് സൈന്യത്തിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന വ്യാജ ഭരണകൂഡമാണെന്നും തുറന്നടിച്ചത്.
പാകിസ്ഥാൻ സൈന്യമാണ് രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരികളെന്നും സ്വന്തം രാജ്യത്തെ തകരുന്ന സമ്പദ്വ്യവസ്ഥ, ഖൈബർ പഖ്തുൻഖ്വയിലും ബലൂചിസ്ഥാനിലും നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ, നിയമവാഴ്ചയുടെ തകർച്ച എന്നിവയിൽ നിന്ന് ലോകശ്രദ്ധ തിരിച്ചുവിടാനാണ് ഇസ്ലാമാബാദ് ഇന്ത്യയ്ക്കെതിരെ നുണപ്രചാരണം നടത്തുന്നതെന്നും രാഘൂ പുരി തുറന്നടിച്ചു. “പാകിസ്ഥാൻ സൈന്യത്തിന് മാൻഡേറ്റ് നൽകിയ നിർദ്ദേശങ്ങൾ മറികടക്കാൻ ആ രാജ്യത്തെ ഫോം 47 സർക്കാരിന് ധൈര്യമില്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം” എന്നായിരുന്നു ഇന്ത്യൻ പ്രതിനിധിയുടെ പരിഹാസം.
ഇന്ത്യൻ പ്രതിനിധിയുടെ ഈ പ്രയോഗം കേട്ട് പലരും നെറ്റിചുളിച്ചെങ്കിലും പാകിസ്ഥാൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഞ്ചനയുടെയും അഴിമതിയുടെയും ചിഹ്നമാണ് ‘ഫോം 47’. 2024 ഫെബ്രുവരിയിൽ പാകിസ്ഥാനിൽ നടന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് ഈ വാക്ക്.
വോട്ടെണ്ണൽ രേഖയും അട്ടിമറിയും: പാകിസ്ഥാൻ ഇലക്ഷൻ കമ്മീഷന്റെ ചട്ടങ്ങൾ അനുസരിച്ച് ഓരോ പോളിംഗ് സ്റ്റേഷനിലെയും പ്രാഥമിക വോട്ടെണ്ണൽ ഫലം രേഖപ്പെടുത്തുന്നത് ‘ഫോം 45’ ലാണ്. എന്നാൽ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടുകൾ ക്രമീകരിച്ച് മണ്ഡലത്തിലെ താൽക്കാലികവും മൊത്തത്തിലുള്ളതുമായ ഫലം പ്രഖ്യാപിക്കുന്നത് ‘ഫോം 47’ ഉപയോഗിച്ചാണ്. സൈന്യത്തിന്റെ കളിപ്പാവകൾ: 2024 ലെ തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി (PTI) പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു ഫോം 45 പ്രകാരം ഭൂരിഭാഗം മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ മുന്നേറിയത്. എന്നാൽ രാത്രിക്ക് രാതി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സൈന്യവും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വ്യാപകമായി തിരിമറി നടത്തി ഫോം 47-ൽ ഫലം തിരുത്തിയെഴുതുകയായിരുന്നുവെന്ന് വലിയ ആരോപണം ഉയർന്നു.
വ്യാജ ജനവിധി: ഫോം 45 ലെ യഥാർത്ഥ വോട്ടിംഗ് കണക്കുകൾ അട്ടിമറിച്ച് ഫോം 47 ലൂടെ ഷെഹ്ബാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗ് (PML-N), ബിലാവൽ ഭൂട്ടോയുടെ പിപിപി എന്നിവരുടെ സഖ്യത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനാൽ ജനവിധി തട്ടിയെടുത്താണ് നിലവിലെ പാക് സർക്കാർ ഭരണത്തിലെത്തിയതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും മാധ്യമങ്ങളും ഈ സർക്കാരിനെ വിളിപ്പേര് നൽകിയതാണ് ‘ഫോം 47 സർക്കാർ’.
ഐക്യരാഷ്ട്രസഭയിൽ ജമ്മു കാശ്മീർ വിഷയം വീണ്ടും ഉയർത്താൻ ശ്രമിച്ച പാകിസ്ഥാന് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാൻ അനധികൃതമായി കൈയേറിയ പ്രദേശങ്ങൾ ഒഴിപ്പിക്കുക മാത്രമാണ് ഇനി ശേഷിക്കുന്ന ഒരേയൊരു വിഷയമെന്നും ഇന്ത്യ കൃത്യമായി ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ എണ്ണം വൻതോതിൽ കുറഞ്ഞ പാകിസ്ഥാൻ മറ്റ് രാജ്യങ്ങൾക്ക് ഉപദേശം നൽകുന്നതിന് പകരം സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യ ആഞ്ഞടിച്ചു. ലോകവേദിയിൽ പാകിസ്ഥാന്റെ ജനാധിപത്യ വിരുദ്ധതയെയും സൈനിക ആധിപത്യത്തെയും കൃത്യമായ വാക്കുകളിലൂടെ തരിപ്പണമാക്കിയ ഇന്ത്യയുടെ ഈ നയതന്ത്ര തിരിച്ചടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.








