അരുണാചൽ പ്രദേശിലെ അതിർത്തി പ്രദേശങ്ങൾ ചൈന കൈയേറിയെന്നും അവിടുത്തെ ഇന്ത്യൻ സൈനികർക്ക് അത്യാവശ്യ സാധനങ്ങൾ ലഭിക്കുന്നില്ലെന്നും അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ചൈന അരുണാചലിലെ അസാഫില, ലോംഗ്ജോ, തക്സിംഗ് സർക്കിളുകൾ പിടിച്ചെടുത്തുവെന്നും ഇത് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചുവെന്നുമുള്ള രീതിയിലാണ് എഡിറ്റ് ചെയ്ത വീഡിയോ സന്ദേശം പ്രചരിച്ചിരുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് (Fact Check) വിഭാഗമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) വ്യാജ പ്രചാരണത്തിന്റെ ചുരുളഴിച്ചത്.
ഉന്നത സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയയുടേതെന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഡിജിറ്റലായി മാറ്റം വരുത്തിയതാണെന്ന് (Manipulated) സൈന്യം വ്യക്തമാക്കി. 2023 ഒക്ടോബർ 27-ന് ജമ്മു കശ്മീരിലെ കുപ്വാരയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് തട്ടിപ്പിനായി ദുരുപയോഗം ചെയ്തിരിക്കുന്നത്. അന്ന് 28 ഇൻഫൻട്രി ഡിവിഷൻ ജിഒസി ആയിരുന്ന മേജർ ജനറൽ ഗിരീഷ് കാലിയ, അതിർത്തി കടന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. നിയന്ത്രണ രേഖയിൽ നടന്ന 10 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടഞ്ഞതിനെക്കുറിച്ചും, 27 ഭീകരരെ വധിച്ചതിനെക്കുറിച്ചും, വൻതോതിൽ ആയുധങ്ങളും മയക്കുമരുന്നുകളും പിടിച്ചെടുത്തതിനെക്കുറിച്ചുമൊക്കെയുമാണ് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചത്. ഈ പഴയ വീഡിയോ സന്ദേശത്തിലെ ശബ്ദവും ദൃശ്യങ്ങളും കൃത്രിമമായി മാറ്റം വരുത്തി, അരുണാചലിൽ ചൈന കടന്നുകയറിയെന്ന തരത്തിൽ തെറ്റായി കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് സൈന്യം വെളിപ്പെടുത്തി.
ഇതിന് പുറമെ, എൽഎസിയിൽ (Line of Control) നടന്ന ഏറ്റുമുട്ടലിൽ ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം അടിച്ചുതകർത്ത് തടവിലാക്കിയെന്ന രീതിയിൽ പ്രചരിച്ച മറ്റൊരു വീഡിയോയും വ്യാജമാണെന്ന് അതിർത്തി സുരക്ഷാ സേന വ്യക്തമാക്കിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അത് സന്ദേഹങ്ങളും അഭ്യൂഹങ്ങളും പരത്താൻ മാത്രമാണ് ഉപയോഗിക്കുന്നതെന്നും സൈന്യം അറിയിച്ചു. അതിർത്തിയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്ന ഇത്തരം വ്യാജ വീഡിയോകളും സന്ദേശങ്ങളും കണ്ടാൽ പൂർണ്ണമായും തള്ളിക്കളയണമെന്നും, ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും ഇന്ത്യൻ സൈന്യം പൊതുജനങ്ങളോട് കർശനമായി അഭ്യർത്ഥിച്ചു.








