സർക്കാരിന്റെ പ്രിയദർശിനി പദ്ധതി മൂലം കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. മുഖ്യമന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകിയിട്ടും അനുകൂല നടപടിയാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചതെന്ന് ബസുടമകൾ വ്യക്തമാക്കി.
മിനിമം ചാർജ് 20 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, പ്രിയദർശിനി പദ്ധതി മൂലം ദുരിതത്തിലായ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ഈ പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ ബസുകളുടെ പ്രവർത്തനച്ചെലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നും ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.
വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാല ബസ് പണിമുടക്കിലേക്ക് കടക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.









