പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുള്ള അപകടങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുന്നതിനിടയിൽ, പിഞ്ചുകുഞ്ഞിനെ ഡ്രൈവർ സീറ്റിൽ മടിയിലിരുത്തി വാഹനം ഓടിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിലാണ് അത്യന്തം അപകടകരമായ ഈ സംഭവം നടന്നിരിക്കുന്നത്. മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ സ്റ്റിയറിംഗ് നിയന്ത്രിക്കാൻ ഏൽപ്പിച്ച് പിതാവ് വാഹനം പായിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അനന്തപുരി ആശുപത്രിക്ക് മുന്നിലുള്ള ഫ്ലൈ ഓവറിലൂടെ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. സമീപത്തുകൂടി വന്ന മറ്റൊരു കാറിലുള്ളവരാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നത്. കൊല്ലം ഇളമ്പൽ സ്വദേശികളാണ് വീഡിയോ എടുത്തത്. തങ്ങൾ വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ കാർ വീണ്ടും കൂടുതൽ വേഗതയിൽ മുന്നോട്ട് കുതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. റോഡിൽ മറ്റ് വാഹനങ്ങൾ കുറവായിരുന്നതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടി ഓടിച്ച വാഹനം ഇടിച്ച് ഒരാൾ കൊല്ലപ്പെട്ട് ഒരു ദിവസം പിന്നിടും മുൻപാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം വീണ്ടും പുറത്തുവന്നിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന ബോധ്യത്തിലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് വീഡിയോ എടുത്ത വ്യക്തി പ്രതികരിച്ചു. കുട്ടികളുടെ സുരക്ഷയെപ്പോലും കാറ്റിൽപ്പറത്തി രക്ഷിതാക്കൾ നടത്തുന്ന ഇത്തരം അപകടകരമായ പ്രവൃത്തികൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.









