2047-ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകാൻ ലക്ഷ്യമിടുന്ന ഇന്ത്യ, അടുത്ത എട്ട് വർഷത്തിനുള്ളിൽ ഡാറ്റാ സെന്റർ രംഗത്തേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം ആകർഷിക്കാൻ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. നെതർലാൻഡിലെ ഹേഗിൽ നടന്ന ഇന്ത്യ-നെതർലാൻഡ്സ് ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച തുടരുമെന്ന് വ്യക്തമാക്കിയ മന്ത്രി, കഴിഞ്ഞ വർഷം ഇന്ത്യ 7.7 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും ഈ വർഷം 7.5 ശതമാനം വരെ വളർച്ച കൈവരിക്കാൻ സാധിക്കുമെന്നും പറഞ്ഞു. ഇന്ത്യയിൽ സംയുക്തമായി നിർമ്മാണവും സാങ്കേതികവിദ്യയും വളർത്തിയെടുക്കാൻ ഡച്ച് ബിസിനസ്സ് സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മുതൽ നൂതന നിർമ്മാണം വരെയുള്ള മേഖലകളിൽ കൂടുതൽ വിദേശ പങ്കാളിത്തമാണ് ഇന്ത്യ തേടുന്നത്.
ഇതിന്റെ ഭാഗമായി ഒൻപത് സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കാൻ രാജ്യം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിംഗ്ടണുമായുള്ള വ്യാപാര ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഇരു രാജ്യങ്ങളും കരാർ അവസാന വട്ട മിനുക്കുപണികളിലാണെന്നും പിയൂഷ് ഗോയൽ അറിയിച്ചു. നെതർലാൻഡ്സുമായി കൃഷി, ഹോർട്ടികൾച്ചർ, സെമികണ്ടക്ടറുകൾ ഉൾപ്പെടെയുള്ള ഹൈ-ടെക് മേഖലകളിൽ കൂടുതൽ സഹകരണത്തിന് സാധ്യതയുണ്ടെന്ന് നെതർലാൻഡ്സ് വിദേശ വ്യാപാര-വികസന സഹകരണ മന്ത്രി സ്യൂർഡ് സ്യൂർഡ്സ്മയും വ്യക്തമാക്കി.












