ശിവഗിരി മഠത്തിലെ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് തെരഞ്ഞെടുപ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും വിദ്വേഷ അജണ്ടകൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി സ്വാമി പ്രബോധ തീർത്ഥ രംഗത്തെത്തി. മഠം സംഘപരിവാർ പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നും ശിവഗിരി ഹിന്ദുമഠമല്ലെന്നുമുള്ള മുനവെച്ച പ്രചാരണങ്ങൾ ബോധപൂർവ്വം പടച്ചുവിടുന്നതാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മുൻകാലങ്ങളിലും ഇത്തരം ഗൂഢശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എസ്എൻഡിപി യോഗത്തിന്റെ ശാഖായോഗ തലങ്ങളിൽ നടന്ന ധർമ്മപഠന ക്ലാസുകളിലൂടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും സമൂഹം അവയെ തള്ളിക്കളഞ്ഞതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും ജാർഖണ്ഡിലും മതപരിവർത്തന മാഫിയകൾ അനായാസം വിജയം കണ്ടെങ്കിലും കേരളത്തിൽ ആ തന്ത്രങ്ങൾ വിലപ്പോകാത്തതിന്റെ പ്രധാന കാരണം ശ്രീനാരായണ പ്രസ്ഥാനങ്ങളും ശിവഗിരി മഠവുമാണെന്ന് തിരിച്ചറിഞ്ഞാണ് ഈ പുതിയ വിഷവിത്തുകൾ മുളപ്പിച്ചുവിടുന്നതെന്ന് സ്വാമി പ്രബോധ തീർത്ഥ ആരോപിച്ചു.
ശ്രീനാരായണ ഗുരുദേവനെ പരമദൈവമായി ആരാധിക്കുന്ന ശ്രീനാരായണീയരുടെ ഉറച്ച നിശ്ചയവും, ചാതുർവർണ്യത്തിന്റെ ജീർണ്ണതകൾക്കെതിരെ പോരാടുമ്പോഴും സമൂഹം സനാതന ഹിന്ദുമതത്തിന്റെ അന്തസ്സത്തയിൽ നിലനിൽക്കുന്നുവെന്ന യാഥാർത്ഥ്യവുമാണ് ഇക്കൂട്ടരുടെ അജണ്ടകൾക്ക് തടസ്സമായി നിൽക്കുന്നത്. ഗുരുദേവൻ ജാതിവ്യവസ്ഥയെയും ചാതുർവർണ്യത്തെയും ശക്തമായി എതിർത്തിരുന്നുവെങ്കിലും, അതിന്റെ പേരിൽ ഗുരുവിനെ ഹിന്ദുവിരുദ്ധനാക്കി മാറ്റി ശ്രീനാരായണീയരെ വേരുകളിൽ നിന്ന് അറുത്തുമാറ്റി മതപരിവർത്തനത്തിന് ഇരയാക്കാനുള്ള കുടില തന്ത്രമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവഗിരി മഠത്തിൽ ശാരദാപ്രതിഷ്ഠയും ലളിതാസഹസ്രനാമ അർച്ചനയും ശാന്തിഹോമങ്ങളും നടക്കുന്നുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, മഠത്തിന്റെ ആത്മീയ ആചാരങ്ങളെ ചോദ്യം ചെയ്യുന്നവരുടെ വാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പരിഹസിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുദർശനത്തെ സങ്കുചിത രാഷ്ട്രീയത്തിന്റെയും മതപരിവർത്തനത്തിന്റെയും ചതുരക്കണ്ണുകളിലൂടെ നോക്കിക്കാണാൻ ആരും വരേണ്ടതില്ലെന്നും, ഇത് തികച്ചും തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്വാമി പ്രബോധ തീർത്ഥയുടെ കുറിപ്പ് അവസാനിക്കുന്നത്.








