ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം ധീരമായി ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി ലഭിച്ചു. യുഎഇ പ്രസിഡന്റാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് – 2 സമ്മാനിച്ചത്.
കഴിഞ്ഞ സെപ്തംബർ അവസാന വാരമാണ് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിന്റെ സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. വിമാനം തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണവുമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റിട്ടും തളരാതെ നിന്ന സ്മിത്ത് മച്ചാർ അക്രമിയെ ധീരമായി ചെറുത്തുതോൽപ്പിച്ചു.
തുടർന്ന് കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. ഇതിനിടെ വിമാനത്തിൽ യാത്രചെയ്തിരുന്ന അവധിയിലായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ കോക്ക്പിറ്റിലെത്തി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും, വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു. സമയബന്ധിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഇവർ ഒഴിവാക്കിയത്. സാഹസികതയും കർത്തവ്യത്തോടുള്ള അർപ്പണബോധവും മുൻനിർത്തിയാണ് യുഎഇ ഭരണകൂടം ഇവരെ ആദരിച്ചത്.








