അർണബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലും ഒഡീഷയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തസാധ്യത മുൻനിർത്തി ഒരു ലക്ഷത്തിലേറെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് നൂറോളം ട്രെയിനുകളും 21 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ, വിശാഖപട്ടണം തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമായി തുടരുകയാണ്.
ചെന്നൈയിലെ എണ്ണൂർ എക്സ്പ്രസ് വേയിലേക്ക് കടലിരച്ചു കയറിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ടെന്നാണ് യുഎസ് നാവികസേനയുടെ ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചതിന്റെ ഇരട്ടി വേഗതയിൽ കാറ്റ് കരയിലേക്കെത്താമെന്നാണ് യുഎസ് നാവികസേന വ്യക്തമാക്കുന്നത്.
മണിക്കൂറിൽ 115 മുതൽ 130 കിലോമീറ്റർ വരെ വേഗതയായിരിക്കും കാറ്റിനുണ്ടാകുക എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രാഥമിക മുന്നറിയിപ്പ്. അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കര തൊടുമെന്നിരിക്കെയുള്ള യുഎസ് നാവിക സേനയുടെ ഈ മുന്നറിയിപ്പ് പ്രദേശത്ത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കരയിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. അർണബ് അതിതീവ്രചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി സർക്കാർ സംവിധാനങ്ങളെല്ലാം പൂർണ്ണ സജ്ജമാക്കിയിട്ടുണ്ട്








