സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കോർഡോടെ വേഗരാജാവായി മാറിയ ടി.എം. അതുലിന് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ രംഗത്ത്. കായികരംഗത്ത് വലിയ പ്രതിഭ തെളിയിക്കുന്ന യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സഞ്ജു സാംസൺ ഫൗണ്ടേഷനാണ് അതുലിന്റെ സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. അതുലിന്റെ യാത്രാച്ചെലവുകൾ, അത്യാധുനിക പരിശീലനത്തിനുള്ള സഹായങ്ങൾ, സ്പൈക്സ്, ജഴ്സി, ഭക്ഷണക്രമം തുടങ്ങിയ എല്ലാ കാര്യങ്ങളും സഞ്ജുവാണ് നേരിട്ട് വഹിക്കുന്നത്.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കായികമേളയിൽ അതുൽ മികച്ച പ്രകടനം കാഴ്ചവെച്ച് റെക്കോർഡിട്ടതോടെയാണ് താരം സഹായഹസ്തവുമായി എത്തിയത്. ഗോവയിൽ നടന്ന വേൾഡ് സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ അതുലിന് ആവശ്യമായ വിമാന ടിക്കറ്റുകൾ ഉൾപ്പെടെ നൽകി സഞ്ജു കൂടെ നിന്നിരുന്നു. കോഴിക്കോട് വെച്ച് നടക്കുന്ന കായികമേളയിലെ 100 മീറ്റർ മത്സരത്തിൽ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയ അതുലിനെ, നിലവിൽ ന്യൂസീലൻഡിൽ പര്യടനത്തിലുള്ള സഞ്ജു സാംസൺ ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു. അതുലിന്റെ കായിക യാത്രയ്ക്ക് കരുത്ത് പകരുന്നതിനായി സഞ്ജു സാംസൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉടൻ തന്നെ സ്വീകരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ചേർത്തല ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ അത്ലീറ്റായ അതുൽ മരാരിക്കുളം സ്വദേശിയാണ്.
മത്സ്യത്തൊഴിലാളിയായ മാർട്ടിന്റെ മകനായ ഈ കൊച്ചുതാരം, കേരള സ്പോർട്സ് കൗൺസിലിന്റെ പരിശീലകനായ സാം ജിയുടെ കീഴിലാണ് പരിശീലനം നേടുന്നത്. കഴിഞ്ഞ വർഷം നടന്ന ജൂനിയർ വിഭാഗം 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡുകൾ തീർത്ത അതുൽ, തന്റെ കഠിനാധ്വാനത്തിലൂടെ കായിക ലോകത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത് തിളങ്ങിയ സഞ്ജു, ടീമിലെ തിരക്കുപിടിച്ച മത്സരക്രമങ്ങൾക്കിടയിലും യുവതാരത്തിന്റെ വിജയം ആഘോഷിക്കാനും പിന്തുണ നൽകാനും സമയം കണ്ടെത്തിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.








