ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയിൽ ഇന്ത്യ പുതിയ പരീക്ഷണങ്ങൾക്ക് മുതിർന്നതിനെ വിമർശിച്ചും മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് അഭിപ്രായപ്പെട്ടും മുൻ താരം ആർ. അശ്വിൻ രംഗത്ത്. വെല്ലിങ്ടണിൽ നടന്ന മൂന്നാം മത്സരത്തിൽ അഭിഷേക് ശർമയ്ക്കൊപ്പം വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കി ഇറക്കിയ ടീം മാനേജ്‌മെന്റിന്റെ നടപടി ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് അശ്വിൻ തുറന്നടിച്ചു. യഥാർത്ഥത്തിൽ അഭിഷേകും സഞ്ജുവും തന്നെയാണ് ഇന്ത്യയുടെ സ്ഥിരം ഓപ്പണർമാരായി തുടരേണ്ടതെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
മത്സരത്തിലെ തന്ത്രങ്ങൾ ഭാഗികമായി അനുകൂലിച്ചെങ്കിലും ടീമിലെ സ്ഥാനങ്ങളുടെ കാര്യത്തിൽ വ്യക്തത വേണമെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ടീമിലേക്ക് മടങ്ങിയെത്തുന്നതുവരെ സഞ്ജു സാംസണെ മൂന്നാം നമ്പരിൽ ഇറക്കുന്നതാണ് ഏറ്റവും മികച്ച തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആ പൊസിഷനിൽ ബാറ്റ് ചെയ്ത് മുൻ പരിചയമുള്ള സഞ്ജുവിന് ആ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാൻ കഴിയുമെന്നും നിലവിലെ സാഹചര്യത്തിൽ അതാണ് ടീമിന് അനുയോജ്യമായ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരയിലെ മൂന്നാം മത്സരത്തിൽ 198 റൺസിന്റെ വലിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച അഭിഷേക് ശർമയുടെ സെഞ്ച്വറിയുടെയും (113) അരങ്ങേറ്റ താരം വൈഭവ് സൂര്യവംശിയുടെ മിന്നുന്ന പ്രകടനത്തിന്റെയും (45) കരുത്തിൽ 13.2 ഓവറിൽ തന്നെ ഇന്ത്യ ലക്ഷ്യം കണ്ടിരുന്നു. മത്സരത്തിൽ വൺഡൗണായി ഇറങ്ങിയ സഞ്ജു സാംസൺ 13 പന്തിൽ 18 റൺസ് നേടി പുറത്തായിരുന്നു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.











