കൊച്ചി: മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ കേസുകള്‍ ഉണ്ടെന്ന് നുണ പ്രചരണം നടത്തുന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. അപവാദ പ്രചാരണം തിരുത്തിയില്ലെങ്കില്‍ കേസ് നല്‍കും. മറ്റു സ്ഥാനാര്‍ത്ഥികളെയും ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കൊച്ചിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വി.എസ് ദുഷ്പ്രചരണം അവസാനിപ്പിക്കണം. അല്ലെങ്കില്‍ ജനങ്ങളോട് കൃത്യമായ വിശദീകരണം നല്‍കണം. തനിക്കെതിരെ 31 കേസുണ്ടെന്നാണ് വി.എസ് ധര്‍മ്മടത്ത് പ്രസംഗിച്ചത്. ഇത് ഏതെല്ലാമാണെന്ന് വ്യക്തമാക്കണം. ഒരു കേസിന്റെയെങ്കിലും എഫ്.ഐ.ആര്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ 136 കേസുകള്‍ നിലവിലുണ്ടെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നത്.
രണ്ട് ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് നേരത്തെ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. തനിക്കെതിരെ കേസ് നല്‍കിയാല്‍ നേരിടുമെന്ന് വി.എസ്. അച്യുതാനന്ദനും പ്രതികരിച്ചിരുന്നു.
Discussion about this post