ഡല്‍ഹി: എംപിമാരുടെ വേതനം കൂട്ടാനുള്ള ശുപാര്‍ശ മാധ്യമങ്ങളെ ഭയക്കാതെ നടപ്പാക്കണമെന്ന് രാജ്യസഭയില്‍ ആവശ്യം. ശൂന്യവേള തുടങ്ങുന്നതിന് മുമ്പ് സമാജ്വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാളാണ് എംപിമാരുടെ ശമ്പളപരിഷ്ക്കരണം ആവശ്യപ്പെട്ടത്. ആവശ്യത്തെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ പിന്തുണച്ചു. ജീവിതചെലവേറിയത് എല്ലാവരെയും ബാധിച്ചതുപോലെ പാര്‍ലമെന്റ് എംപിമാരെയും ബാധിച്ചിട്ടുണ്ടെന്ന് നരേഷ് പറഞ്ഞു. അതുകൊണ്ടാണ് വേതനവര്‍ധന വേണമെന്ന് ആദിത്യനാഥ് കമ്മിറ്റി ശിപാര്‍ശ ചെയ്തത്.
എന്നാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളകമ്മിഷനെ വിമര്‍ശിക്കാത്ത മാധ്യമങ്ങള്‍ എംപിമാരുടെ വേതനവര്‍ധനയെ എതിര്‍ക്കുകയാണ്. അത് പരിഗണിക്കേണ്ട കാര്യമില്ലെന്നും മാധ്യമവിചാരണ നോക്കാതെ എംപിമാരുടെ ആനുകൂല്യങ്ങളും വേതനവും വര്‍ധിപ്പിക്കണമെന്നും അഗര്‍വാള്‍ പറഞ്ഞു. ഇതിനെ പിന്തുണച്ച ഗുലാം നബി ആസാദ് ഒരു ഇലക്ട്രോണിക് ചാനലിലെ ന്യൂസ് എഡിറ്റര്‍ക്ക് കിട്ടുന്ന ശമ്പളത്തിന്റെ നാലിലൊന്ന് മാത്രമാണ് ഒരു എംപിയുടെ വേതനമെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടു.
Discussion about this post