കോട്ടയം: കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് പ്രതിപക്ഷ നേതാവ് വി.എസ അച്യുതാനന്ദന്‍, യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്താനാണ് വെള്ളാപ്പള്ളിയും കുമ്മനവും ഉമ്മന്‍ ചാണ്ടിയും ഒത്തുകളിക്കുന്നതെന്നും വിഎസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. അരുവിക്കര തെരഞ്ഞെടുപ്പോടെയാണ് വെളളാപ്പള്ളി നടേശന്‍ കച്ചവടം വ്യവസായമാക്കി മാറ്റിയതെന്നും വിഎസ് ആരോപിച്ചു.
വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഉമ്മന്‍ ചാണ്ടിയും കുമ്മനവും വെള്ളാപ്പള്ളിയും
‘ഗാന്ധിജിയുടെയും ഗോഡ്‌സേയുടെയും അനുയായികള്‍ ഒന്നിക്കുംമ്പോള്‍’ എന്ന എന്റെ പോസ്റ്റ് വായിച്ച് ഒരു സുഹൃത്ത് എനിക്ക് ഒരു മെസ്സേജ് അയച്ചു. ‘യു.ഡി.എഫ്. ജയിക്കുന്നതാണ് ബി.ജെ.പി.ക്ക് നല്ലത്’ എന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി ശ്രീ നടേശന്‍ പ്രഖ്യാപിച്ചതിന്റെ റിപ്പോര്‍ട്ടുകളാണ് ആ എഫ്.ബി സുഹൃത്ത് അയച്ച് തന്നത്.
ഇങ്ങനെ നടേശന്‍ പറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. കാരണം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരനാണ് നടേശന്‍. ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ഈ കച്ചവടം നടേശന്‍ കുറെക്കാലമായി നടത്തിവന്നിരുന്നു. ഒരു വ്യവസായമാക്കി അദ്ദേഹം അത് മാറ്റിയെടുത്തത് അരുവിക്കര ഉപതിരഞ്ഞെടുപ്പോടുകൂടിയാണ്. അവിടെ ബി.ജെ.പി.യുടെ കടയിലാണ് കച്ചവടം നടന്നതെങ്കില്‍ മുതല്‍ മുടക്ക് ഉമ്മന്‍ ചാണ്ടിയുടെത് ആയിരുന്നു. അതുകൊണ്ടാണ് നടേശനും മകനും ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ അത് യു.ഡി.എഫിന് ദോഷകരമല്ല എന്ന് ഉമ്മന്‍ ചാണ്ടിയും എ.കെ. ആന്റണിയും പരസ്യമായി പ്രഖ്യപിച്ചത്. അറിയാതെ സത്യം അവരുടെ വായില്‍ നിന്ന് വീഴുകയായിരുന്നു.
പലര്‍ക്കും ഒരു സംശയം തോന്നാം. ദേശീയ തലത്തില്‍ പരസ്പരം ഏറ്റുമുട്ടി നില്ക്കുന്ന ബി.ജെ.പിയും കോണ്‍ഗ്രസ്സും ഏങ്ങനെ രഹസ്യമായി കൈകോര്‍ക്കുന്നു. ഇവിടെയാണ് ഈ ബാന്ധവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കൂട്ടികിഴിച്ചിലുകള്‍ നാം തിരിച്ചറിയേണ്ടത്.
കേരളത്തെ ആകമാനം കട്ട് മുടിച്ച് അഴിമതി ഭരണം കാഴ്ചവച്ച ഉമ്മന്‍ ചാണ്ടി ഇനിയും അധികാരത്തില്‍ വരണമെങ്കില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ യു.ഡി.എഫ്. പാളയത്തിലെത്തണം. കേരള അസംബ്ലിയില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ വോട്ട് ചില മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി.ക്ക് ലഭിക്കണം. അതിനുള്ള രാഷ്ട്രീയ ഒളിസേവയ്ക്ക് വഴിയൊരുക്കുന്നവരാണ് വെള്ളാപ്പള്ളിയുടെയും മകന്റെയും പാര്‍ട്ടി. ഈ കച്ചവടം കൊണ്ട് ഇവര്‍ക്കെന്ത് ലാഭം എന്ന് ചോദിച്ചാല്‍ കൊള്ളലാഭമാണെന്നാണ് പറയേണ്ടത്.
1. ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വന്നാല്‍ സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളില്‍ ഇപ്പോള്‍ താന്‍ നടത്തികൊണ്ടിരിക്കുന്ന എല്ലാ കൊള്ളരുതായ്മകളും കൂടുതല്‍ വഷളായ രീതിയില്‍ നടത്താന്‍ പറ്റും.
2. മോഡി ഗവമെന്റില്‍ നിന്നും പലതരം സൗജന്യങ്ങളും അപ്പകഷണങ്ങളും ലഭിക്കും.
3. മൈക്രോ ഫിനാന്‍സ്, എസ്.എന്‍. ട്രസ്റ്റ് തുടങ്ങി നിരവധി മേഖലകളിലും സ്ഥാപനങ്ങളിലും നടത്തിയ വെട്ടിപ്പും തട്ടിപ്പും അന്വേഷിച്ച് കണ്ടെത്തി താന്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ പോകുന്ന സ്ഥിതിവിശേഷം ഒഴിവാക്കാന്‍ പറ്റും.
ഉമ്മന്‍ ചാണ്ടിയും കുമ്മനവും നടേശനും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങള്‍ ഇവിടെ കച്ചവടം ചെയ്യാന്‍ ശ്രമിക്കുന്നത് കേരളത്തിന്റെ മനഃസാക്ഷിയെയും അഭിമാനത്തെയും ആണ്. ഇവ രണ്ടും ചാക്കിലാക്കി കള്ളകച്ചവടം നടത്താന്‍ നിങ്ങള്‍ക്കാവില്ല. വി.എസ് പറയുന്നു.
Discussion about this post