തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. സംസ്ഥാനത്ത് 1647 പത്രികകളാണ് കിട്ടിയത്. ഇവയുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. തിങ്കളാഴ്ച വരെ പത്രിക പിന്‍വലിക്കാം. അതോടെ പോരാട്ടത്തിന്റെ അന്തിമചിത്രം തെളിയും. വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍െപ്പടെയുള്ള പ്രമുഖര്‍ പത്രിക നല്‍കി. യുഡിഎഫില്‍നിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തല(ഹരിപ്പാട്), കെ.ബാബു(തൃപ്പൂണിത്തുറ), അടൂര്‍ പ്രകാശ്(കോന്നി), വി.എസ്.ശിവകുമാര്‍(തിരുവനന്തപുരം), പി.ജെ.ജോസഫ്(തൊടുപുഴ), മുന്‍ മന്ത്രിമാരായ കെ.സുധാകരന്‍(ഉദുമ), സി.എഫ്.തോമസ്(ചങ്ങനാശ്ശേരി) തുടങ്ങിയവര്‍ പത്രിക നല്‍കി. എല്‍ഡിഎഫില്‍നിന്ന് കെ.ബി.ഗണേഷ്‌കുമാര്‍(പത്തനാപുരം), കെ.സി.ജോസഫ്(ചങ്ങനാശ്ശേരി), മാണി സി.കാപ്പന്‍(പാലാ) തുടങ്ങിയവരും പത്രിക നല്‍കി.
എന്‍ഡിഎ. സഖ്യത്തില്‍നിന്ന് ഒ.രാജഗോപാല്‍(നേമം), അഡ്വ.കെ.ശ്രീകാന്ത്(ഉദുമ), ഭീമന്‍ രഘു(പത്തനാപുരം) എന്നിവരും പത്രിക നല്‍കി. വെള്ളിയാഴ്ച മാത്രം 734 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1373 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. പത്രികകളുടെ എണ്ണം ജില്ല തിരിച്ച് (ബ്രാക്കറ്റില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച പത്രികകള്‍). തിരുവനന്തപുരം 164 (153), കൊല്ലം 115 (95), പത്തനംതിട്ട 55 (50), ആലപ്പുഴ 98 (87), കോട്ടയം 104 (80), ഇടുക്കി 61 (53), എറണാകുളം 187 (134), തൃശ്ശൂര്‍ 135 (122), പാലക്കാട് 128 (115), മലപ്പുറം 204 (146), കോഴിക്കോട് 168 (141), വയനാട് 41 (24), കണ്ണൂര്‍ 127 (119), കാസര്‍കോട് 60 (54).
Discussion about this post