ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനനന്ദന് വോട്ടു ചെയ്യുന്നതിനിടെ ആലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജി. സുധാകരന് ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസ് എടുത്തു. ആലപ്പുഴ എസ്പി പുന്നപ്ര പൊലീസിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്കി. പുന്നപ്ര പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വോട്ട് ചെയ്യുന്നതിനിടെ ക്രമരഹിതമായി ഇടപെട്ടുവെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. നിര്‍ദേശങ്ങള്‍ തെറ്റിച്ച് മാധ്യമപ്രവര്‍ത്തകര്‍ സംഘമായി പോളിംഗ് ബൂത്തില്‍ കയറിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. നേരത്തെ പ്രിസൈഡിംഗ് ഓഫിസര്‍ നല്കിയ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് കളക്ടര്‍ ആര്. ഗിരിജ റിപ്പോര്‍ട്ട് നല്‍കിയത്.
തിങ്കളാഴ്ച വൈകിട്ടാണ് പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 63 നമ്പര്‍ ബൂത്തില്‍ വിഎസും ഭാര്യയും മകനും വോട്ട് ചെയ്യാനെത്തിയത്. വിഎസും ഭാര്യയും വോട്ട് ചെയ്യുമ്പോള്‍ ജി സുധാകരന് എംഎല്‍എ എത്തിനോക്കിയെന്നാണ് യുഡിഎഫും എന്‍ഡിഎയും നല്കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. തുടര്‍ന്നാണ് പ്രശ്നം സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രിസൈഡിങ് ഓഫിസറുടെയും വിശദീകരണം ജില്ലാ കളക്ടര്‍ തേടിയത്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും നീതി കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷെയ്ഖ് പി ഹാരിസ് പറഞ്ഞു
Discussion about this post