പാലക്കാട്: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുനടന്ന കരുണ എസ്റ്റേറ്റ് അടക്കമുള്ള വിവാദ ഭുമിയിടപാടുകള്‍ പരിശോധിക്കുമെന്ന് ഇതേക്കറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷന്‍ മന്ത്രി എ.കെ ബാലന്‍. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയില്‍ തിരിമറി നടന്നുവെന്ന് മന്ത്രി ബാലന്‍ ആരോപിച്ചു.
ഐജി ആര്‍. ശ്രീജിത്ത് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കാട്ടുകൊള്ളയാണ് സംസ്ഥാനത്ത് നടന്നത്. ഇവയുമായി ബന്ധപ്പെട്ട് 46 കേസുകള്‍ എടുത്തുവെങ്കിലും ഒന്നില്‍പോലും നടപടി ഉണ്ടായില്ല. അടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രിസഭാ ഉപസമിതി യോഗം ചേരുകയും തുടര്‍ നടപടികള്‍ തീരുമാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗത്തിലാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്.
Discussion about this post