കൊലപാതകക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എസ്പിയുടെ ക്യാമ്പ് ഓഫീസ് സന്ദര്‍ശിച്ച സംഭവം വിവാദമായി. പോലിസ് ഭരണത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിക്കുന്നതിനിടെയാണ് കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ ഗുര്‍ദിനെ ജയരാജന്‍ ക്യാമ്പ് ഓഫീസിലെത്തി കണ്ടത്.
ജില്ലയിലെ പോലീസിലെ അഴിച്ചുപണി നടക്കുമെന്നുറപ്പായിരിക്കെയുള്ള സന്ദര്‍ശനം പാര്‍ട്ടിസെല്‍ ഭരണത്തിന്റെ തെളിവാണെന്നാണ് ബിജെപി ആരോപണം. വിവിധ സ്റ്റേഷനുകളിലും സബ്ബ് ഡിവിഷനുകളിലും നിയമിക്കേണ്ട സിപിഎമ്മിന് താല്‍പര്യമുളള പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച ലിസ്റ്റ് ജയരാജന്‍ എസ്പിക്ക് കൈമാറിയതായ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ടെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തു.
ജയരാജന്‍ പ്രതിയായ തളിപ്പറമ്പ് അരിയില്‍ ഷൂക്കൂര്‍ വധക്കേസ് അന്വേഷണത്തിനായി സിബിഐ ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ എത്തിയ ദിവസം തന്നെയാണ് ജയരാജന്‍ ജില്ലാ സൂപ്രണ്ടിനെ സന്ദര്‍ശിച്ചത്. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ജയരാജന്‍. സിബിഐ ആണ് ഈ കേസ് അന്വേഷിക്കുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ജയരാജന്‍ കഴിഞ്ഞ മാസമാണ് കണ്ണൂര്‍ ജില്ലയില്‍ എത്തിയത്.
Discussion about this post