കണ്ണൂര്‍: കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം തുടരുന്നതിനിടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം പുലര്‍ത്തിയ കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങളെ ബഹ്‌റൈന്‍ ജയിലില്‍ അടച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. ഈ കാര്യം ബഹ്‌റൈന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായാണ് വിവരം.
ജയിലിലായ സഹോദരങ്ങളുടെ നാട്ടിലെ ബന്ധങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വളപട്ടണത്തുനിന്ന് സിറിയ വഴി ഐസിസ് ക്യാമ്പിലെത്തിയെന്നു കരുതുന്ന യുവദമ്പതികളുടെ കുടുംബവും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. പ്രത്യക്ഷമായും പരോക്ഷമായും ഐസിസ് ബന്ധമുണ്ടെന്ന് കരുതുന്ന വിവിധ രാജ്യക്കാരായ പലരും ബഹ്‌റൈന്‍ തടവില്‍ കഴിയുകയാണ്. ഇതില്‍ ഇന്ത്യാക്കാരുടെ കൃത്യമായ മേല്‍വിലാസം രഹസ്യാന്വേഷണ വിഭാഗം തേടിയിട്ടുണ്ട്.
ജില്ലയില്‍ പരിയാരം വില്ലേജില്‍ നിന്ന് കാണാതായ യുവാവ് ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്നതായുള്ള ചില സൂചനകളെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ അന്വേഷണം തുടരുകയാണ്. 20 വര്‍ഷത്തോളം വിദേശത്ത് കഴിഞ്ഞ തിരുവട്ടൂരിലെ ആളെക്കുറിച്ചാണ് അന്വേഷണം. ഗള്‍ഫ് നാടുകളില്‍ നിരവധി സ്ഥലങ്ങളില്‍ ജോലിചെയ്ത ഇയാളെക്കുറിച്ച് എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ വിദേശ രേഖകള്‍ പരിശോധിച്ചുവരികയാണ്. ഇപ്പോള്‍ വീടുമായി ബന്ധം സ്ഥാപിക്കാത്ത ആളെ കാണാതായതു സംബന്ധിച്ച് സമീപ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയൊന്നുമില്ല.
ഇതിനിടെ ഓണ്‍ലൈനിലൂടെ സിറിയയുമായി ബന്ധപ്പെട്ട് ഭീകര സംഘടനയായ ഐസിസില്‍ ചേരാന്‍ ശ്രമം നടത്തിയെന്നു കരുതുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചിലരും രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. സിറിയയിലെ ഐസിസ് അംഗങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്.
Discussion about this post