അമൃത്സര്‍: രാജ്യസഭാംഗത്വം രാജിവച്ച മുന്‍ ക്രിക്കറ്റ താരം നവജ്യോത് സിംഗ് സിദ്ധു പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകുന്നെന്ന വാര്‍ത്ത നിഷേധിച്ച് പാര്‍ട്ടി നേതൃത്വം. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സുച്ച സിംഗ് ഛോട്ടേപൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിദ്ധു എ.എ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകുമോ എന്ന ചോദ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടില്ലെന്നും ഛോട്ടേപൂര്‍ വ്യക്തമാക്കി. സിദ്ധു പാര്‍ട്ടിയില്‍ ചേരുമെന്ന് സംഗ്രൂര്‍ എം.പി ഭഗവത് മന്നും വ്യക്തമാക്കി. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. സിദ്ധുവിനെ പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും വ്യക്തമാക്കി.
ബി.ജെ.പി നേതൃത്വവുമായി ഭിന്നതയിലായ സിദ്ധു കഴിഞ്ഞ 18നാണ് രാജ്യസഭാംഗത്വം രാജിവച്ചത്. എന്നാല്‍ ബി.ജെ.പിയില്‍ നിന്ന് അദ്ദേഹം രാജിവച്ചിട്ടില്ല. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ധു എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
Discussion about this post