ഡല്‍ഹി: കോഴിക്കോട് കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
സംഭവത്തില്‍ മാധ്യമങ്ങളെ തടയാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ജില്ലാ ജഡ്ജിയുടെ വിശദീകരണം. കോടതിയില്‍ സുരക്ഷ ശക്തമാക്കാന്‍ മാത്രമാണ് പൊലീസിന് നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് ജഡ്ജി വിശദീകരണം നല്‍കിയത്. ജഡ്ജി തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് നിര്‍ദേശിച്ചത് പ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതെന്നും അറസ്റ്റ് ചെയ്തതെന്നുമാണ് കോഴിക്കോട് ടൗണ്‍ എസ്‌ഐ നേരത്തേ പറഞ്ഞത്. എന്നാല്‍ ഇത് പൂര്‍ണമായും തള്ളിക്കളയുന്ന വിശദീകരണമാണ് ജില്ലാ ജഡ്ജി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ പൊലീസിന് വീഴ്ച്ച പറ്റിയതായി കോഴിക്കോട് സിഐ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. പൊലീസിന് പറ്റിയ വീഴ്ച്ചയാണിതെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് മാധ്യമപ്രവര്‍ത്തകരുടെ തീരുമാനം. സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു.
Discussion about this post