ലേബര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വി.കെ സിംഗ് സൗദിയിലെത്തുന്നു
.ജിദ്ദ: തൊഴില്‍ പ്രശ്നങ്ങള്‍ മൂലം ഏറെ കഷ്ടതയനുഭവിക്കുന്ന സൗദിയിലെ പ്രവാസ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ഇടപെടാനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് സൗദി സന്ദര്‍ശിക്കുന്നു. കേന്ദ്ര മന്ത്രി വരുമെന്ന വിവരം ലഭിച്ചതോടെ ലേബര്‍ ക്യാമ്പുകളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ ഏറെ പ്രതീക്ഷയിലാണ്. വി. കെ സിംഗ് അടുത്തദിവസം തന്നെ ജിദ്ദയില്‍ എത്തുമെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വന്‍കിട നിര്‍മാണ കമ്പനികള്‍ക്ക് മാസങ്ങളായി ശമ്പളം കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. ആയിരക്കണക്കിനാളുകള്‍ ഇതിനകം സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. കമ്പനികളില്‍ നിന്ന് കിട്ടാനുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിച്ചിട്ട് മടങ്ങാമെന്നു കരുതി കാത്തിരിക്കുന്നവരുമുണ്ട്. മതിയായ രേഖകള്‍ കമ്പനികള്‍ ശരിപ്പെടുത്തിക്കൊടുക്കാത്തതിനാല് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കഷ്ടപ്പെടുന്നവരുമുണ്ട. വന്‍കിട കമ്പനികളിലും പ്രവാസികള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്
വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും മന്ത്രിമാരെ നേരിട്ടയക്കാന്‍ തീരുമാനമുണ്ടായത്.
ഇതിനിടെ ശമ്പളം ലഭിക്കാതിരുന്നാല്‍ തൊഴില്‍ ഉപേക്ഷിക്കാമെന്ന് സ്വദേശികളോട് സൗദി തൊഴില്‍ മന്ത്രി മുഫ്രിജ് അല്‍ഹഖ്ബാനി നിര്‍ദേശിച്ചു. സൗദി ഓജര്‍ കമ്പനിയിലെ നാലായിരത്തോളം സ്വദേശി ജീവനക്കാര്‍ ഏഴുമാസമായി ശമ്പളം ലഭിക്കാത്ത വിഷയത്തില്‍ ലേബര്‍ കോര്‍ട്ടില്‍ പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴില്‍ തര്‍ക്കങ്ങള്‍ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post