പത്തനംതിട്ട: സി.ഐ.ടി.യു.യൂണിയന്റെ എതിര്‍പ്പ് ശക്തമായി. ഇതോടെ പമ്പയില്‍നിന്ന് ശബരിമല സന്നിധാനത്തേക്കുള്ള നിര്‍മ്മാണവസ്തുക്കളുടെ നീക്കം പൂര്‍ണമായും നിലച്ചു. സന്നിധാനത്തെ മാലിന്യസംസ്കരണ പ്ലാന്റിന്റെ പണിക്കായി രണ്ടാം ഘട്ടത്തില്‍ കൊണ്ടുവന്ന പൈപ്പുകള്‍ ഇറക്കാനാവാതെ ഇപ്പോഴും പമ്പയില്‍ ലോറിയില്തന്നെയാണുള്ളത്.
സാധനം ലോറിയില്‍നിന്ന് ഇറക്കി ട്രാക്ടറില്‍ കയറ്റുന്നത് തങ്ങളാകണം എന്നാണ് തൊഴിലാളികള്‍ പറയുന്നത്. കരാറുകാരന്റെ തൊഴിലാളികള്‍ പണിയെടുത്താല്‍ പകരം നോക്കുകൂലി തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് സാധനം ഇറക്കേണ്ട എന്ന് കരാറുകാര്‍ തീരുമാനിച്ചത്.
മാലിന്യസംസ്കരണ പ്ലാന്റിലേക്ക് ടാങ്കില്‍നിന്ന് കുഴല്‍ ഇടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി സന്നിധാനത്തെ വലിയ നടപ്പന്തല്‍ നെടുകെ കുഴിച്ചിട്ടിരിക്കുകയാണ്. ആഗസ്ത് 6നകം പണി പൂര്‍ത്തിയാക്കി ഈ കുഴി മൂടാനായിരുന്നു തീരുമാനം. നിറപുത്തിരി ആഘോഷത്തിനായി ആഗസ്ത് 7നാണ് നട തുറക്കേണ്ടത്. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ വന്ന പൈപ്പ് കൂടി എത്താതെ പണി പൂര്‍ത്തിയാവില്ല.
കഴിഞ്ഞ ദിവസം 12 പൈപ്പുകള്‍ ലോറിയില്‍നിന്ന് ഇറക്കാന്‍ 3500 രൂപയും ട്രാക്ടറില്‍ കയറ്റാന്‍ 1500 രൂപയുമാണ് സി.ഐ.ടി.യു.യൂണിയന് വാങ്ങിയത്. ഇപ്പോള്‍ മൊത്തം 15,000 രൂപ വേണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ സാധനം കൊണ്ടുപോകേണ്ടായെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ദിവസം 800 രൂപ കൂലിക്ക് സ്വന്തം തൊഴിലാളികളെവച്ചാണ് കരാറുകാരന് ജോലി ചെയ്യിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇനി അധിക പണം നല്കാന് പറ്റില്ലെന്നാണ് കരാറുകാരന്റെ പക്ഷം.
പ്രശ്നം പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ലേബര്‍ ഓഫീസര്‍ ഇടപെട്ടിട്ടും കാര്യങ്ങള്‍ എവിടെയും എത്തിയില്ല. ദേവസ്വം ബോര്‍ഡിന്റെ പമ്പയിലെ എന്‍ജിനിയര്‍മാരും പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല.
അതേസമയം, ജോലികള്‍ യൂണിയന് തടസ്സപ്പെടുത്തിയിട്ടില്ലെന്ന് സി.ഐ.ടി.യു. നേതാവ് എസ്.ഹരിദാസ് പറഞ്ഞു. അട്ടത്തോട് അടക്കമുള്ള പ്രദേശത്തെ ആദിവാസികള്‍ അടക്കമുള്ളവര്‍ക്ക് കൂടി ജോലി നല്‍കണം എന്നാണ് യൂണിയന് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post