ഡല്‍ഹി: അതിര്‍ത്തിയിലെ ചൈനയുടെ പട്ടാളത്താവളങ്ങളെ ലക്ഷ്യം വച്ച് 100 ബ്രഹ്മോസ് മിസൈല്‍ വിന്യസിക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കി. 2.8 മാച്ച് വേഗതയുള്ള ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ്. 4300 കോടി ചിലവില്‍ ഏറ്റവും പുതിയ പതിപ്പായ ബ്രഹ്മോസ് ബ്ലോക്ക്3 യുടെ ഒരു റെജിമെന്റാണ് വിന്യസിക്കുക. അഞ്ച് ലോഞ്ചറുകളും ഒരു കമാന്‍ഡ് പോസ്റ്റും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്നതാണ് റെജിമെന്റ്.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ശബ്ദാദി വേഗ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന് 290 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിയും. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വാ നദിയുടെയും പേരുകള്‍ ചേര്‍ത്താണ് ബ്രഹ്മോസ് എന്ന പേരിട്ടത്. 2007 മുതല്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായ ബ്രഹ്മോസ് നിലവില്‍ കരനാവിക സേനകള്‍ ഉപയോഗിക്കുന്നുണ്ട്. നാവിക സേനയുടെ പത്തോളം നശീകരണകപ്പലുകളിലാണ് ബ്രഹ്മോസ് ഉപയോഗിക്കുന്നത്. യുദ്ധ വിമാനങ്ങളില്‍ ഉപയോഗിക്കാവുന്ന ബ്രഹ്മോസ് പരീക്ഷണ ഘട്ടത്തിലാണ്. സുഖോയ് 30 എം.കെ.ഐ യുദ്ധ വിമാനത്തില്‍ നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തുന്നത്.
Discussion about this post