തിരുവനന്തപുരം: സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണവും കൂലിയും ലഭിക്കാതെ കുടുങ്ങിപ്പോയ മലയാളികളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ മന്ത്രിസഭാ തീരുമാനപ്രകാരം വെള്ളിയാഴ്ച അവിടേക്ക് പോവാനിരുന്ന മന്ത്രി കെ.ടി ജലീലിന്റെ യാത്ര മുടങ്ങി. ഔദ്യോഗിക പരിപാടിയുടെ ഭാഗമായി വിദേശ രാജ്യത്തെ സന്ദര്‍ശനത്തിനായി മന്ത്രിക്കും സംഘത്തിനും നല്‍കേണ്ട നയതന്ത്ര പാസ്പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചതാണ് യാത്ര തടസപ്പെടുത്തിയത്.
യാത്ര റദ്ദാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി ജലീലിന്റെ ഓഫിസ് അറിയിച്ചു. സൗദിഅറേബ്യയിലേക്കുള്ള ഔദ്യോഗിക യാത്രയ്ക്കുള്ള നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചു കൊണ്ടുള്ള കുറിപ്പ് ഇന്നലെ രാത്രിയോടെ മന്ത്രിയുടെ ഓഫിസില്‍ ലഭിച്ചു. കുറിപ്പില്‍ അനുമതി നിഷേധിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാനാണ് സൗദിഅറേബ്യയിലേക്കു പോകാനിരുന്നതെന്നു മന്ത്രി കെ.ടി. ജലീല്‍ പിന്നീടു മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സൗദി യാത്രയ്ക്കുള്ള നയതന്ത്ര പാസ്പോര്‍ട്ട് ലഭിക്കാനുള്ള ശ്രമം തുടരും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി അറിയിച്ചു. ഇന്നലെ രാത്രി മന്ത്രി ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.
സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനായി ഇന്നു പുറപ്പെടുമെന്ന് അറിയിച്ച് ഇന്നലെ വൈകിട്ട് കെ.ടി ജലീല്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് അനുമതി നിഷേധിച്ചുള്ള അറിയിപ്പ് ലഭിച്ചത്. ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി മലയാളികളായ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കുകയായിരുന്നു ലക്ഷ്യം. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവരുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് തയാറാക്കും. ഇക്കാര്യം മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു.
പതിനായിരം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന കണക്കെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതില്‍ മലയാളികള്‍ എത്രപേരുണ്ടെന്നു വ്യക്തമല്ല. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ചില പരിമിതികളുണ്ട്. മലയാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഡോ. വി.കെ ബേബിയും മന്ത്രിയോടൊപ്പം സൗദിയിലേക്കു പോകാനിരുന്നതാണ്. നോര്‍ക്ക സെക്രട്ടറിയെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
Discussion about this post