കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് ഉറപ്പാക്കിയ യാസ്മിന്‍ മുഹമ്മദ് സാഹിദ് അഫ്ഗാനിസ്താനില്‍നിന്ന് ലഭിച്ച പണം പിന്‍വലിക്കാന്‍ ഉപയോഗിച്ചത് രാജ്യം വിട്ട ആയിഷയുടെ എ.ടി.എം. കാര്‍ഡ്. മലയാളികളെ ഐ.എസ്. കേന്ദ്രത്തിലേക്ക് എത്തിച്ചുവെന്ന് സംശയിക്കുന്ന അബ്ദുള്‍ റാഷിദ് ഒട്ടേറെ തവണ അഫ്ഗാനിസ്ഥാനില്‍നിന്ന് ഓണ്‍ലൈനായി പണം കൈമാറിയതായും വ്യക്തമായി. യാസ്മിന്റെ പേരിലുള്ള രണ്ട് പാസ്‌പോര്‍ട്ടുകള്‍ ഇവരില്‍നിന്ന് പോലീസ് കണ്ടെത്തി.
കേസില്‍ യു.എ.പി.എ. ചുമത്തിയ യാസ്മിനെ വെള്ളിയാഴ്ച കാസര്‍കോട് ജില്ലാ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നുദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ കണ്ണൂര്‍ വനിതാ ജയിലിലാണ് യാസ്മിനും നാലരവയസ്സുകാരന്‍ മകനുമുള്ളത്.
അബ്ദുള്‍ റാഷിദിന്റെ ഭാര്യ സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷയുടെ തൃക്കരിപ്പൂരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഓണ്‍ലൈനായി അയച്ചത്. രാജ്യം വിടുന്നതിനുമുമ്പ് ആയിഷയുടെ എ.ടി.എം. കാര്‍ഡ് യാസ്മിന് അബ്ദുള്‍ റാഷിദ് നല്‍കിയിരുന്നു. ഈ കാര്‍ഡ് ഉപയോഗിച്ചാണ് യാസ്മിന്‍ പണം പിന്‍വലിച്ചിരിക്കുന്നത്. ഇതിനുശേഷം എ.ടി.എം. കാര്‍ഡ് നശിപ്പിക്കുകയും ചെയ്തു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് അറസ്റ്റിലാകുമ്പോള്‍ യാസ്മിനില്‍നിന്ന് 70,000 ഇന്ത്യന്‍ രൂപയും 620 അമേരിക്കന്‍ ഡോളറും പോലീസ് കണ്ടെടുത്തിരുന്നു. ഈ പണം ഉപയോഗിച്ച് സംഘടിപ്പിച്ച ടൂറിസ്റ്റ് വിസയിലാണ് അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ യാസ്മിന്‍ തയ്യാറെടുത്തിരുന്നത്. അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയെന്ന് പോലീസ് പറയുന്ന യാസ്മിന്‍, രാജ്യം വിട്ടശേഷം അബ്ദുള്‍ റാഷിദുമായി ഫോണ്‍ മുഖാന്തരം ഒട്ടേറെതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തില്‍ രാജ്യം വിട്ടവര്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് അന്വേഷണസംഘം സംശയിച്ചിരുന്നു. യാസ്മിന്റെ പക്കല്‍നിന്ന് രണ്ട് പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തിയത് ഈ സംശയം ബലപ്പെടുത്തുന്നു.
യാസ്മിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ അവര്‍ ജോലിചെയ്തിരുന്ന കോട്ടയ്ക്കലിലെ സ്‌കൂളിലും കാസര്‍കോട്ടെ ചില വീടുകളിലും തെളിവെടുപ്പ് നടത്താന്‍ അന്വേഷണ സംഘം ഉദ്ദേശിക്കുന്നുണ്ട്.
Discussion about this post