തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന് കേന്ദ്രസര്‍ക്കാര്‍ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് നിഷേധിച്ച നടപടിയെ ചൊല്ലി വിവാദം. സിപിഎം മന്ത്രിയെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയപ്പോള്‍ ബിജെപി സംസ്ഥാന ഘടകം ജലീലിനെതിരെ രംഗത്തെത്തി.
സംഭവത്തില്‍ പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.കെ.സി വേണുഗോപാല്‍ എംപിയാണ് പാര്‍ലമെന്റില്‍ കേന്ദ്രത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പാസ്പോര്‍ട്ട് നിഷധിച്ച നടപടിയില്‍ വിദേശകാര്യ മന്ത്രാലയം നേരിട്ട് മറുപടി പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. എന്നാല്‍ അടിയന്തരപ്രമേയത്തിനുളള അനുമതി സ്പീക്കര്‍ നിഷേധിച്ചു. സംസ്ഥാന സര്‍ക്കാരാകട്ടെ ജലീലിന്റെ സൗദി യാത്രയ്ക്കുളള അടിയന്തര ഇടപെടലുകള്‍ നടത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ന് കെ.ടി ജലീല്‍ സന്ദര്‍ശിക്കുന്നുമുണ്ട്.
അതെസമയം കെ.ടി ജലീലിന്റെത് ചോദിച്ചുവാങ്ങിയ അപമാനമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കേന്ദ്രമന്ത്രി സൗദിയില്‍ തങ്ങി പ്രശ്നപരിഹാരം നടത്തുമ്പോള്‍ ഇത്തരം ഒറു നയതന്ത്രവിസ ലഭിക്കില്ലെന്ന് ഉറപ്പാണ്. എന്നിട്ടും ഇത്തരമൊരു അപേക്ഷ നല്‍കിയത് രാഷ്ട്രീയമുതലെടുപ്പിനാണെന്നും കുമ്മനം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനുളള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് ഇത്. കേന്ദ്രം ഇടപെട്ട വിഷയത്തില്‍ സംസ്ഥാനം കൈകടത്തുന്നതിലെ താത്പര്യം മനസിലാക്കണം. ഇത് ചോദിച്ചുവാങ്ങിയ അപമാനമാണെന്നും കുമ്മനം പ്രതികരിച്ചു.
സൗദിയില്‍ തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്ന് ദുരിതത്തിലായ മലയാളികളടക്കമുളളവരെ സന്ദര്‍ശിക്കാനാണ് യാത്രക്കായി മന്ത്രി ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. എന്നാല്‍ വിദേശകാര്യമന്ത്രാലയം അപേക്ഷ നിരസിക്കുകയായിരുന്നു. ഇതോടെ ഇന്ന് സൗദിയിലേക്ക് പോകേണ്ടിയിരുന്ന മന്ത്രിയുടെ യാത്ര തടസപ്പെടുകയും ചെയ്തു. ചാനല്‍ ചര്‍ച്ചയില്‍ മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നയതന്ത്ര പാസ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമെ സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പ് അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കു.നയതന്ത്ര പാസ്പോര്‍ട്ടിനായി പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും സൗദിയില്‍ നിന്നും കഌയറന്‍സ് ലഭിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാലാണ് പാസ്പോര്‍ട്ട് നല്‍കാത്തത് എന്നാണ് കേന്ദ്രം നല്കിയ വിശദീകരണം.
മറ്റ് വിഷയങ്ങളിലൊന്നും മുന്‍പും സംസ്ഥാനമന്ത്രിമാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തിയ കീഴ്വവഴക്കമില്ല, സൗദിയില്‍ നിന്ന് മലയാളികളുള്‍പ്പടെ തൊഴില്‍ നഷ്ടപ്പെട്ടവരെ തിരിച്ച് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനെടുത്തു, എഴുന്നൂറോളം മലയാളികളാണ് സൗദിയില്‍ ക്യാമ്പുകളില്‍ തങ്ങുന്നത്, നിര്‍മ്മാണമേഖലയിലെ പ്രശ്നമായതിനാല്‍ ക്യാമ്പുകളില്‍ തുടരുന്നത് കൂടുതലും ഉത്തരേന്ത്യക്കാരാണ്. എന്നിട്ടും കേരളം കാണിക്കുന്ന ഇത്തരം താല്പര്യങ്ങള് രാഷ്ട്രീയമുതലെടുപ്പിനാണെന്ന വിമര്‍ശനം ശക്തമാണ്.
Discussion about this post