ശ്രീനഗര്‍: പണ്ഡിറ്റുകളുടെ പുനരധിവാസം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കശ്മീരില്‍ പണ്ഡിറ്റുകളോട് കശ്മീര്‍ വിടാനാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കശ്മീര്‍ വിടുക ഇല്ലെങ്കില്‍ മരണം നേരിടുക എന്നാണ് പ്രധാന വെല്ലുവിളി. പടിഞ്ഞാറന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലാണ് ഇത്തരം പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലഷ്കര്‍ ഇ ഇസ്ലാം എന്ന പേരിലുള്ള സംഘടനപേരിലാണ് അച്ചടിച്ച പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്. ആര്‍എസ്എസ് ഏജന്റുമാരായ എല്ല അഭയാര്‍ത്ഥികളും ഉടന്‍ സ്ഥലം വിടുക ഇല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്നും ചില പോസ്റ്ററുകളില്‍ മുന്നറിയിപ്പുണ്ട്.’കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഇവിടെ സ്ഥാനമില്ല, മുസ്ലീങ്ങളെ കൊന്ന് കശ്മീരില്‍ മറ്റൊരു ഇസ്രായേല്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല’, പോസ്റ്ററുകള്‍ പറയുന്നു.
പോസ്റ്ററുകളുടെ സാന്നിധ്യം കശ്മീരി പോലിസും സ്ഥിരീകരിക്കുന്നുണ്ട്. സാമൂഹ്യദ്രോഹികളുടെ ചെയ്തിയെന്നാണ് പുല്‍വാമ പോലിസ് സുപ്രണ്ട് റയീസ് മുഹമ്മദ് ഭട്ടിന്റെ വിശദീകരണം.
പുല്‍വാമയില്‍ ലഷ്കര്‍ ഇ ഇസ്ലാമിന്റെ സാന്നിധ്യം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും എസ്പി പറയുന്നു.
2015ല്‍ സോപോര്‍ മേഖലയിലെ ടെലു കമ്മ്യൂണിക്കേഷന്‍ ടവര്‍ ഉടമകളെ ഭീഷണിപ്പെടുത്തി വാര്‍ത്തയില്‍ ആദ്യമായി ഇടംപിടിച്ച തീവ്രവാദ സംഘമാണ് ലഷകര്‍ ഇ ഇസ്ലാം. ഹിസ്ബള് മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തൊയിബ എന്നി തീവ്രവാദസംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് ഇവരെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ ജീവനക്കാരായ നിരവധി കശ്മീരി മണ്ഡിറ്റുകള് പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി താഴ് വരയില്‍ എത്തിയിരുന്നു.കഴിഞ്ഞയാഴ്ച പുല്‍വാമയിലെ ചില കശ്മീരി പണ്ഡിറ്റുകളുടെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ചിലര്‍ ആക്രമണം നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു എന്നാല്‍ പോലിസ് ഇത് നിഷേധിക്കുകയാണ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി കശ്മീരി പണ്ഡിറ്റുകളെ ചകിതരാക്കുന്ന ചില വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് പോസ്റ്ററുകള്‍ എന്നാണ് നിഗമനം.
Discussion about this post