വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലും എ.ടി.എം കൊള്ള. വെഞ്ഞാറമൂട് എസ്.ബി.ടി ശാഖയിലെ ഇടപാടുകാരായ 9 പേരുടെ അക്കൗണ്ടുകളില്‍ നിന്നായി മൂന്നുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. 15000 മുതല്‍ 35000 രൂപവരെയാണ് ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. പണം പിന്‍വലിക്കപ്പെട്ടതായി സന്ദേശം ലഭിച്ച ഇവര്‍ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും ഇന്നുമതല്‍ തുടര്‍ച്ചയായ മൂന്നുദിവസം ബാങ്ക് അവധിയായതിനാല്‍ പ്രവര്‍ത്തിദിവസമായ ചൊവ്വാഴ്ച ബാങ്കിലെത്താനാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇന്നു മുതല്‍ തുടര്‍ച്ചയായ മൂന്നുദിവസം ബാങ്ക് അവധിയായതോടെ വരും ദിവസങ്ങളില്‍ അക്കൗണ്ടുകളില്‍ നിന്ന് കൂടുതല്‍ പണം നഷ്ടപ്പെടാനും കൂടുതല്‍ പേര് തട്ടിപ്പിനിരയാകാനും സാധ്യതയുണ്ടെന്ന അങ്കലാപ്പിലാണ് ഇടപാടുകാര്‍. ഇന്നലെയാണ് ഇവരില്‍ പലര്‍ക്കും പണം നഷ്ടപ്പെട്ടവിവരം മനസിലാക്കാനായത്.
വെഞ്ഞാറമൂട് സ്വദേശിനിയായ ഒരു സര്‍ക്കാര്‍ ജീവനക്കാരിക്ക് ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ശമ്പളതുകയില്‍ നിന്നാണ് പതിനയ്യായിരം രൂപ നഷ്ടപ്പെട്ടത്. ഒന്നാം തീയതി ശമ്പളം അക്കൗണ്ടിലെത്തിയിരുന്നെങ്കിലും ഇവര്‍ പിന്‍വലിച്ചിരുന്നില്ല. ആറാംതീയതി പരിശോധിക്കുമ്പോഴും അക്കൗണ്ടില്‍ പണമുണ്ടായിരുന്നതായി അവര്‍ പറയുന്നു. ഇന്നലെ പണമെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടില്‍ പതിനയ്യായിരം രൂപയുടെ കുറവ് ബോദ്ധ്യപ്പെട്ടത്. പണം നഷ്ടപ്പെട്ടത് ഏത് രീതിയിലാണെന്ന് വ്യക്തമായിട്ടില്ല. എന്‍.ആര്.ഐക്കാരുള്പ്പെടെ മറ്റുള്ളവര്‍ക്കും സമാന രീതിയിലാണ് അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടമായതെന്നാണ് സൂചന. ഇതിനകം പണം നഷ്ടപ്പെട്ട ഒമ്പതുപേര്‍ ബാങ്കിനെ സമീപിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഹൈടെക്ക് ബാങ്ക് കൊള്ളക്കേസിലെ പ്രതിയായ ഗബ്രിയേല്‍ മരിയന്‍ കസ്റ്റഡിയില്‍ തുടരുമ്പോള്‍ ജില്ലയില്‍ പാറശാലയ്ക്ക് പിന്നാലെ വെഞ്ഞാറമൂട്ടിലും ബാങ്ക് കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പാറശാല സംഭവത്തില്‍ സൈബര്‍ സഹായത്തോടെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എ.ടി.എം കവര്‍ച്ചയിലേക്ക് വെളിച്ചം വീശുന്ന ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് കവര്‍ച്ചാകേസില്‍ പൊലീസില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ചൊവ്വാഴ്ച ബാങ്ക് തുറന്നശേഷം ബാങ്ക് അധികൃതരുടെ നിര്‍ദേശാനുസരണം തുടര്‍നടപടികള്‍ കൈക്കൊള്ളാനാണ് ഇടപാടുകാരുടെ തീരുമാനം.
Discussion about this post