ഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറുടെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ നടത്തിയ സാംസ്‌ക്കാരിക ഉത്സവം യമുനാ തീരം പൂര്‍ണമായി നശിപ്പിച്ചുവെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ദേശീയ ഹരിത ട്രിബ്യൂണലിന് സമര്‍പിച്ച റിപ്പോര്‍ട്ടിലാണ് വിദഗ്ധ സമിതിയുടെ നിരീക്ഷണം. സമ്മേളനം നടന്ന ഡിഎന്‍ഡി ഫ്‌ലൈഓവറിനും ബാരാപുല്ല കനാലിനുമിടയിലുള്ള യമുനാ നദീതടം പൂര്‍ണമായും നശിച്ചതായി സമിതി നിരീക്ഷിച്ചു. ഈ സമതലം പൂര്‍ണമായും നികത്തിയ നിലയിലാണ്. നിലം ഉറപ്പിച്ചത് കാരണം കട്ടിയായ അവസ്ഥയിലാണുള്ളത്. വെള്ളക്കെട്ടുകളും സസ്യലതാദികളും പൂര്‍ണമായും ഉന്മൂലനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
സമ്മേളനത്തിന്റെ പ്രധാന വേദി സ്ഥിതിചെയ്തിരുന്ന നദീതട ഭാഗം മണ്ണുപയോഗിച്ച് ഉറപ്പിച്ച നിലയിലാണ്. നിലമുറപ്പിക്കാന്‍ പുറത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. വേദിയില്‍ നിന്നും ഫ്‌ലൈഓവറിലേക്കും ബാരപുല്ല കനാലിലേക്കും റാംപ് നിര്‍മിക്കുന്നതിനായി മണ്ണും കെട്ടിടാവശിഷ്ടങ്ങളും വന്‍തോതില്‍ കൊണ്ടുവന്ന് തള്ളിയിട്ടുണ്ടെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റീസ് സ്വതന്തര്‍ കുമാറിന് മുമ്പാകെ സമിതി വ്യക്തമാക്കി.
ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ സമ്മേളനം കാരണം യമുനാ തീരത്തിനുണ്ടായ പരിസ്ഥിതിയാഘാതം പഠിക്കാനായി കേന്ദ്ര ജല വിഭവ മന്ത്രാലയം സെക്രട്ടറി ശശി ശേഖറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയെ കഴിഞ്ഞ മാര്‍ച്ചിലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ചത്. നാഷണല്‍ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരും ഡല്‍ഹി ഐഐടിയിലെ വിദഗ്ധരും അടങ്ങുന്നതാണ് സമിതി.
ശ്രീ ശ്രീ രവിശങ്കറിന്റെ മൂന്ന് ദിവസത്തെ സാംസ്‌ക്കാരിക സമ്മേളനം കാരണം നദീതടത്തിന് അതിന്റെ സ്വാഭാവിക പച്ചപ്പെല്ലാം നഷ്ടമായെന്ന് 47 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു. പ്രദേശത്തെ മരങ്ങളും പുല്‍കാടുകളും നശിപ്പിക്കപ്പെട്ടു. വെള്ളക്കെട്ടുകളും നശിപ്പിക്കപ്പെട്ടതോടെ നിരവധി ജീവികളുടെയും പ്രാണികളുടെയും ആവാസ വ്യവസ്ഥയാണ് തുടച്ചുമാറ്റപ്പെട്ടത്. നഷ്ടപ്പെട്ട ജൈവവൈവിധ്യം വീണ്ടെടുക്കുക അസാധ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യമുനാ തീരം നശിപ്പിച്ച് ലോക സാംസ്‌ക്കാരിക സമ്മേളനം നടത്താന്‍ വേദി ഒരുക്കിയതിന് നേരത്തെ ഹരിത ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അഞ്ച് കോടി രൂപ പിഴയടയ്ക്കാമെന്ന ഉറപ്പിന്മേലാണ് സംഘടനയ്ക്ക് പരിപാടി നടത്താന്‍ കോടതി അനുമതി നല്‍കിയത്. 25 ലക്ഷം രൂപ മുന്‍കൂറായി അടയ്ക്കുകയും ചെയ്തിരുന്നു. ലോക സംസ്‌ക്കാരിക സമ്മേളനത്തിന് ശേഷം തീരം പഴയപടിയാക്കിയിട്ടുണ്ടെന്നും ഇത് വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിച്ച് പിഴയില്‍ ഇളവ് വേണമെന്നുമായിരുന്നു ഫൗണ്ടേഷന്റെ ആവശ്യം. ഇത് തള്ളിയ ട്രിബ്യൂണല്‍ ശേഷിക്കുന്ന 4.75 കോടി രൂപയും അടയ്ക്കാന്‍ ശ്രീ ശ്രീ രവിശങ്കറോട് ആവശ്യപ്പെട്ടിരുന്നു.
ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ നടത്തിയ ലോക സാംസ്‌ക്കാരിക സമ്മേളനത്തിന് യമുനാ നദിയുടെ ആയിരക്കണക്കിന് ഏക്കര്‍ തീരമാണ് രൂപമാറ്റം വരുത്തിയത്. ഇത് മേഖലയിലെ പരിസ്ഥിതിയ്ക്ക് കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച ശാസ്ത്രീയ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. യമുനാ തീരം നശിപ്പിച്ച് വേദിയൊരുക്കിയതിന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനില്‍ നിന്നും 120 കോടി രൂപ പിഴ ഈടാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തതിരുന്നു. പരിപാടി നടക്കുന്നതിന് മുമ്പ് തന്നെ പിഴത്തുക ദേശീയ ഹരിത ട്രിബ്യൂണലിന്റെ അക്കൗണ്ടിലേക്ക് കൈമാറണമെന്നായിരുന്നു നിര്‍ദേശം. കൂടാതെ യമുനയുടെ തീരത്ത് പരിസ്ഥിതി നശിപ്പിക്കപ്പെട്ട പ്രദേശം ഒരു വര്‍ഷത്തിനകം പഴയ സ്ഥിതിയിലാക്കണമെന്നും ശുപാര്‍ശയുണ്ട്.
യമുനയുടെ തീരത്ത് നാല്പത് അടി ഉയരത്തിലുള്ള ബഹുനില വേദിയും കാബിനുകളും തമ്പുകളും പാര്‍ക്കിങ് സ്ഥലവുമാണ് ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതിയ്ക്ക് ദോഷമാകുന്ന വിധം തീരത്തിന്റെ ഘടനമാറ്റിയാണ് വേദി ഒരുക്കിയിരിക്കുന്നത്. സമ്മേളനത്തിനായി യമുനാ തീരത്തെ തണ്ണീര്‍ തടങ്ങള്‍ മണ്ണിട്ട് നികത്തുകയും മരങ്ങളും പച്ചപ്പുകളും വെട്ടിനശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചോളം മൊബൈല്‍ ടവറുകളും ഇവിടെ സ്ഥാപിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും യമുന ജിയെ അഭിയാന്‍ നേതാവുമായ മനോജ് മിശ്ര നല്‍കിയ പരാതിയിന്മേലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ശ്രീശ്രീ രവിശങ്കര്‍ക്കെതിരെ പിഴ വിധിച്ചത്.
Discussion about this post