ബെംഗളൂരു: കശ്മീര്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യദ്രോഹമുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെന്ന പരാതിയില്‍ കേസെടുത്തതിനെത്തുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ഓഫീസുകള്‍ താത്കാലികമായി അടച്ചു. ചെന്നൈ, പുണെ, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങിലെ ഓഫീസുകളാണ് അടച്ചത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
എ.ബി.വി.പി. നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യക്കെതിരെ രാജ്യദ്രോഹത്തിന് പോലീസ് കേസെടുത്തിരുന്നു. കര്‍ശന നടപടിയാവശ്യപ്പെട്ട് എ.ബി.വി.പി.യുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധപ്രകടനങ്ങളും നടക്കുന്നുണ്ട്.
അതിനിടെ, ആംനസ്റ്റിക്കെതിരെ ധൃതിപിടിച്ച് നടപടി സ്വീകരിക്കരുതെന്ന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിര്‍ദേശം നല്‍കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരെയും അറസ്റ്റുചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടകത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് മുഖ്യമന്ത്രിയുമായി പ്രശ്‌നം ചര്‍ച്ചചെയ്തു. മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമാകില്ലെന്നും സ്വാതന്ത്ര്യസമരം നയിച്ച നേതാക്കളെ അറസ്റ്റുചെയ്യാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച നിയമമാണ് ഇതെന്നും ദിഗ്വിജയ് സിങ് അഭിപ്രായപ്പെട്ടു.
ആംനസ്റ്റിക്കെതിരെ രാജ്യദ്രോഹക്കേസെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ എതിര്‍പ്പുണ്ട്. സര്‍ക്കാര്‍ നടപടിയെ മുതിര്‍ന്നനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വീരപ്പമൊയ്‌ലി വിമര്‍ശിച്ചു. മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ കേസെടുക്കുന്നത് ശരിയല്ലെന്നും ഇക്കാര്യം ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post