കൊല്ലം: പോലീസിന്റെ അന്താരാഷ്ട്ര പരിപാടിക്കിടെ അവതാരകയ്ക്കെതിരേ പീഡനശ്രമം നടത്തിയ പോലീസ് ഉന്നതനെതിരേ കേസെടുത്തു. അവതാരക രേഖാമൂലം പരാതി നല്കിയ സാഹചര്യത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിന് എസിപി വിനയകുമാരനെതിരേ അഞ്ചാലുംമൂട് പോലീസാണ് കേസെടുത്തിരിക്കുന്നത്. 354 ാം വകുപ്പ് ചുമത്തിയാണ് കേസ്.
കഴിഞ്ഞയാഴ്ച ഉണ്ടായ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിയോട് തുടരന്വേഷണത്തിന് ഡിജിപി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തു. ഉത്തരവാദിതപ്പെട്ട ഉദ്യോഗസ്ഥന് സ്ത്രീകളോട് മോശമായി പെരുമാറി. ചുമതല ഇല്ലാത്ത സ്ഥലത്ത് ഗൂഡ ലക്ഷ്യമിട്ട് വന്നു. പോകാന്‍ ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞിട്ടും കേട്ടില്ല എന്നീ കാര്യങ്ങളാണ് റൂറല്‍ എസ്പി സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
കൊക്കൂണ്‍ പരിപാടിക്കിടെയാണ് അവതാരകയോട് പോലീസുകാരന് മോശമായി പെരുമാറിയത്. തുടര്‍ന്ന് പോലീസ് വകുപ്പ് തല അന്വേഷണം നടത്തുകയും പോലീസ് ഉദ്യോഗസ്ഥന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിലെ മറ്റൊരു വകുപ്പിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. യുവതി നിയമപരമായി പരാതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ എഫ്ഐആര്‍ പ്രകാരം കേസെടുത്തിരിക്കുകയാണ്.
സംഭവം സ്ഥലത്ത് വെച്ചു തന്നെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് അവതാരക പറഞ്ഞിരുന്നെങ്കിലും പരാതി നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ ശക്തമായ താക്കീത് നല്‍കുകയും വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയും മാത്രമാണ് പോലീസ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇരയായ പെണ്‍കുട്ടി തന്നെ പരാതിയുമായി മുമ്പോട്ട് വരാന്‍ കൂട്ടാക്കിയതോടെയാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post