ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പിന്നീടൊരിക്കലും അതിനു പരിഹാരമുണ്ടാകില്ലെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അവംലബിച്ച പാതയാണ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഏറ്റവും അനുയോജ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍ വിഷയത്തില്‍ വാജ്‌പേയി സ്വീകരിച്ച മനുഷ്യത്വവും ജനാധിപത്യവും കശ്മീരികള്‍ക്ക് എന്ന നയമാണ് ഏറ്റവും യോജ്യം. പാക്കിസ്ഥാനും അതുതന്നെയാണ് ചെയ്യേണ്ടത്. കശ്മീരിനെ രക്തച്ചൊരിച്ചിലില്‍നിന്ന് മുക്തമാക്കണം. അതിന് വാജ്‌പേയിയുടെ സിദ്ധാന്തമാണ് നല്ലത്. വാജ്‌പേയി പാക്കിസ്ഥാനില്‍ ചെന്നപ്പോള്‍ ജനറല്‍ മുഷാറഫ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് കാര്‍ഗില്‍ യുദ്ധം ആരംഭിച്ചത്. ഒടുവില്‍ ഇന്ത്യയില്‍ എത്തിയ മുഷാറഫിനെ കാണാന്‍ വാജ്‌പേയ് തീരുമാനിച്ചത് അദ്ദേഹത്തിന്റെ മഹാമനസ്‌കതയാണ്: മെഹബൂബ പറഞ്ഞു.
മോദിയുടെ കീഴില്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പിന്നീടതു സംഭവിക്കാന്‍ സാധ്യതയില്ല. കാരണം ഇത്ര ശക്തനായ, തീരുമാനം എടുക്കാന്‍ കഴിവുള്ള പ്രധാനമന്ത്രിയെ നമുക്ക് വല്ലപ്പോഴുംമാത്രമേ ലഭിക്കൂ എന്നും മെഹബൂബ വ്യക്തമാക്കി.
Discussion about this post