കൊച്ചി: ആറന്മുള വിമാനത്താവള വിഷയത്തില്‍ നിലപാടു തിരുത്തി സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളത്തിനു നല്കിയ അനുമതി പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ആറന്മുള വിമാനത്താവള പദ്ധതിക്ക് പൂര്‍ണ അനുമതി നല്‍കിയിരുന്നില്ല. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നും അവരുടെ വികാരത്തെ മാനിച്ചും തത്വത്തില്‍ നല്കിയ അനുമതി പിന്‍വലിക്കുകയാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ആറന്മുള വിമാനത്താവള പദ്ധതിയിക്ക് അനുകൂലമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. പിന്നീട് തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തു. പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പ് പരിസ്ഥിതി അനുമതിക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു.
പരിസ്ഥിതി അനുമതി ലഭിച്ചിരുന്നെങ്കിലും പഠനം നടത്തിയ എന്‍വിറോ കെയര്‍ കമ്പനിക്ക് മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കുകയും സുപ്രീംകോടതി ഇത് ശരിവെക്കുകയും ചെയ്തിരുന്നു. പദ്ധതിക്കായി കെജിഎസ് ഗ്രൂപ്പ് 500 ഏക്കര്‍ ഏറ്റെടുക്കുകയും 420 കോടിയില്‍ അധികം രൂപ മുതല്മുടക്കുകയും ചെയ്തിരുന്നു.
Discussion about this post