തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കലാപമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ ആരോപിച്ചു. ബി.ജെ.പി. സംസ്ഥാന ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നാട്ടില്‍പോലും അക്രമം നടക്കുന്ന കാര്യം നേരത്തെ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് താന്‍ നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നതായി ഗവര്‍ണറും പറഞ്ഞിരുന്നു. ഗവര്‍ണര്‍ പറഞ്ഞിട്ടും അക്രമം തുടരുകയാണ്. പിണറായിയില്‍ ആരംഭിച്ച് കണ്ണൂരില്‍ വ്യാപകമായി തുടരുന്ന അക്രമം ഇപ്പോള്‍ തലസ്ഥാനത്തേക്കും വ്യാപിപ്പിച്ചിരിക്കുന്നതായും രാജഗോപാല്‍ പറഞ്ഞു. സര്‍ക്കാരും പൊലീസും തങ്ങളുടെ നിയന്ത്‌റണത്തിലാണെന്നു കരുതി സി.പി.എം പ്രവര്‍ത്തകര്‍ എന്തക്രമവും കാട്ടിയാല്‍ പ്രതികരിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ബി.ജെ.പി. നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.
Discussion about this post