കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് ആരോപണമുയര്‍ന്ന കാസര്‍ഗോഡ് നിന്നും കാണാതായവരുടെ മൊബൈല്‍ സന്ദേശം വീണ്ടും ബന്ധുക്കള്‍ക്ക് ലഭിച്ചു. കാണാതായ അഷ്ഫാക്ക് എന്നയാളുടെ സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. ഇയാള്‍ ഐഎസ് അധീനപ്രദേശത്ത് എത്തിയതായി എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു.
നാടുവിട്ടവരില്‍ ഒരാളായ ഡോ. ഹിജാസിന്റെ ഭാര്യ റുഫൈല ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നായിരുന്നു സന്ദേശം. ഹിജാസിന്റെ സഹോദരിയുടെ ഫോണിലേക്ക് ടെലിഗ്രാമായി വന്ന സന്ദേശം കുടുംബം മുമ്പ് ചെയ്തിരുന്നത് പോലെ തന്നെ എന്‍ഐഎയ്ക്ക് കൈമാറി.
ഒരു മാസം മുമ്പും സമാനഗതിയില്‍ വന്ന സന്ദേശം കുടുംബം എറണാകുളത്തെ എന്‍ഐഎ കേന്ദ്രത്തിന് കൈമാറിയിരുന്നു. തങ്ങള്‍ സുരക്ഷിതരായി എത്തിയെന്നും താമസ സ്ഥലം കിട്ടിയെന്നും പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ട് തെറ്റാണെന്നും മറ്റുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
എവിടെ നിന്നാണ് സന്ദേശം വന്നത് എന്ന കാര്യത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു.
Discussion about this post