അടിമാലി: അടിമാലിയില്‍ വായനശാലയുടെ ഓണാഘോഷത്തിനിടെയുണ്ടായ വാക്കു തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ച് ഒരാള്‍ മരിച്ചു. കുഞ്ചിത്തണ്ണി പോത്തുപാറ കുന്നുംപുറത്ത് ജോയി(സിങ്കര്‍ 59) ആണു മരിച്ചത്. കുഞ്ചിത്തണ്ണിക്കു സമീപം ദേശീയം വായനശാലയുടെ ഓണാഘോഷത്തിനിടെ ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകനും കുഞ്ചിത്തണ്ണിയിലെ ജീപ്പ് ഡ്രൈവറുമായ പളനിയപ്പനു(സനു)മായുള്ള വാക്കു തര്‍ക്കമാണു സംഘട്ടനത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
വയറിനു തൊഴിയേറ്റ് അവശനിലയില്‍ റോഡില്‍ കിടന്ന ജോയിയെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത എംഎല്‍എമാരായ എം.എം. മണി, എസ്. രാജേന്ദ്രന്‍ എന്നിവര്‍ ഇടപെട്ടാണു എല്ലക്കല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുന്‍പു ജോയി മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
പളനിയപ്പനു വേണ്ടി തിരച്ചില്‍ നടത്തി വരികയാണെന്നു വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. സിഐടിയുവിന്റെ ഡ്രൈവേഴ്‌സ് യൂണിയന്‍ അംഗമാണു പളനിയപ്പന്‍. ജോയിയുടെ ഭാര്യ ലിസി. മക്കള്‍: വിജി, പ്രവീണ്‍, ബീന. ജോയിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Discussion about this post