സൗമ്യ കൊലക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കൊലക്കുറ്റം തെളിഞ്ഞിട്ടില്ല, മാരകമായി മുറിവേല്‍പ്പിച്ചതിനു ഏഴുകൊല്ലം, ബലാല്‍സംഗത്തിന് ജീവപര്യന്തം എന്ന് വിധിച്ചു. ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതി എന്ന് ആശ്വസിപ്പിക്കുകയും ചെയ്തു.
കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരോ വിചാരണ കോടതിയിലും ഹൈക്കോടതിയിലും പ്രഗല്ഭമായി വാദിച്ച പ്രോസിക്യൂട്ടറോ സുപ്രീം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനെ സഹായിക്കാന്‍ എത്തിയിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു. ബലാല്‍സംഗത്തിന് പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കിയ സുപ്രീം കോടതി കൊലപാതകത്തിനും പരമാവധി ശിക്ഷയായ തൂക്കുകയര്‍ വിധിക്കുമായിരുന്നു.
സൂര്യനെല്ലികേസിന്റെ അപ്പീല്‍ വാദം ഹൈക്കോടതിയില്‍ നടന്ന 30-35 ദിവസവും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഗോപാലകൃഷ്ണ കുറുപ്പിനെ സഹായിക്കാന്‍ കേസന്വേഷിച്ച ഡിവൈ.എസ്.പി കെ.കെ.ജോഷ്വാ എത്തിയിരുന്നു. ചിലപ്പോഴൊക്കെ ഐ.ജി.സിബി മാത്യുസും വന്നിരുന്നു. കല്ലുവാതുക്കല്‍ വിഷമദ്യകേസിന്റെ അപ്പീല്‍ പരിഗണിക്കവെ സുപ്രീം കോടതി ഉന്നയിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ വിചാരണകോടതിയിലെ പ്രോസിക്യൂട്ടര്‍ പുത്തൂര്‍ മോഹന്‍ രാജ് ഡല്‍ഹിക്ക് പറന്നു ചെന്നതും സ്മരണീയം.
സൗമ്യകേസില്‍ പ്രോസിക്യൂട്ടറായിരുന്ന സുരേശനെ വിളിച്ചിട്ടും വന്നില്ല എന്നാണ് നിയമമന്ത്രിയും അഡ്വക്കേറ്റ് ജനറലും ആണയിട്ടുപറയുന്നത്. കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാവരും കാശി രാമേശ്വരം തീര്‍ത്ഥയാത്രക്ക് പോയിരുന്നു എന്നുപറഞ്ഞാല്‍ നമ്മള്‍ അതും വിശ്വസിക്കേണ്ടിവരും.
ഏറ്റവും പ്രഗത്ഭരായ അഭിഭാഷകരെക്കൊണ്ട് റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യിക്കും എന്നാണ് സര്‍ക്കാരിന്റെ ഉണ്ടയില്ലാവെടി. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാല്‍ മതി എന്നുപറയുംപോലെയാണ് ഇത്. റിവ്യൂ പെറ്റീഷന്‍ ജഡ്ജിമാര്‍ ചേമ്പറിലിരുന്ന് തള്ളുന്നതാണ് കീഴ്വഴക്കം.
ദരിദ്രനും നിരക്ഷരനും സര്‍വ്വോപരി വികലാംഗനുമായ ചാമിയെ എല്‍.ഡി.എഫ് ഭരണകാലത്തു തൂക്കി കൊന്നിരുന്നെങ്കില്‍ അത് പിണറായി സര്‍ക്കാരിന്റെ സല്‍പ്പേരിനു വലിയ ക്ഷതം ഏല്‍പ്പിക്കുമായിരുന്നു. അതും മാര്‍ക്‌സിസ്റ്റുപാര്‍ട്ടി താത്വികമായി വധശിക്ഷയെ എതിര്‍ക്കുന്ന സാഹചര്യത്തില്‍. (പാര്‍ട്ടി തീരുമാനം യാക്കൂബ് മേമനു മാത്രമല്ല ഗോവിന്ദച്ചാമിക്കും ബാധകമാണ് എന്ന രണ്ടാം മുണ്ടശ്ശേരിയുടെ വചനം ശ്രദ്ധിക്കുക)
അതുകൊണ്ട് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതില്‍ നിന്ന് സര്‍ക്കാരും മുന്നണിയും പാര്‍ട്ടിയും പിന്തിരിയണം. അതിനുപകരം ജീവപര്യന്തം തടവുശിക്ഷ ഒരു വിജയമായി കണക്കാക്കി ആഘോഷപ്രകടനം നടത്തണം. ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്നു രക്ഷിച്ച പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍!
(തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കറിന്റെ വിലയിരുത്തല്‍)
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/948143801982013/?type=3&theater” bottom=”30″]
Discussion about this post