കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ മാറാട് കലാപം ചര്‍ച്ച വിഷയമാക്കാന്‍ തീരുമാനം. കൗണ്‍സിലിലെ അജണ്ട തീരുമാനിക്കുന്ന നേതാക്കളുടെ യോഗത്തിലാണ് മാറാട് വിഷയം ചര്‍ച്ച ചെയ്യണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്ന പ്രമേയത്തിലും ഉള്‍പ്പെടുത്തും.
കലാപം നടന്ന മാറാടിന് കിലോമീറ്ററുകള്‍ മാത്രം അകലെ നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ കേരളത്തെ ഞെട്ടിച്ച കലാപം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത് ഏറെ പ്രസക്തമാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. മാറാട് കലാപം സിബിഐക്ക് വിടണമെന്ന ഹര്‍ജി നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ട്. മാറാട് കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അരയ സമാജവും, ആര്‍എസ്എസും ബിജെപിയും കാലങ്ങളായി മുന്നോട്ട് വെക്കുന്ന ആവശ്യമാണ് മാറാട് കലാപം സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് മൂലം ഈ ആവശ്യം പരിഗണിക്കാതെ പോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് എതിര്‍പ്പില്ല എന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
ഒരു വിഭാഗത്തെ മേഖലയില്‍ നിന്ന് ഉന്മൂലനം ചെയ്യാനുള്ള തികച്ചും ആസൂത്രിതമായ നീക്കത്തിന്റെ അനന്തര ഫലമാണ് മാറാട് കലാപം എന്നാണ് ബിജെപി വിലയിരുത്തുന്നത്. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ പിന്തുണയോടെ പിന്നീട് കേസ് അട്ടിമറിക്കാനുള്ള ശ്രമവും നടന്നുവെന്ന് പാര്‍ട്ടി ആരോപിക്കുന്നു. ആരാധാനാലയങ്ങളില്‍ നിന്ന് വന്‍തോതില്‍ ആയുധം പിടികൂടിയ സംഭവം ഉള്‍പ്പടെയുള്ള തെളിവുകള്‍ ഉണ്ടായിട്ടും കലാപത്തിലെ തീവ്രവാദബന്ധം അന്വേഷിക്കപ്പെട്ടില്ല, കലാപത്തിന് ചില വിദേശ സാമ്പത്തീക സഹായം ലഭ്യമായെന്ന കണ്ടെത്തലും അന്വേഷണ സംഘം അവഗണിക്കുകയും അട്ടിമറിക്കുകയും ചെയ്തു. വിദേശ സാമ്പത്തീക സഹായം ഉള്‍പ്പടെയുള്ള ആരോപണം ഉയര്‍ന്നതിനാല്‍ കേസ് എന്‍ഐഎയെ പോലുള്ള ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്തിയുള്ള സംയുക്ത അന്വേഷണമാണ് വേണ്ടതെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തികച്ചും ഏകപക്ഷീയമായ ഐഎസ് ആക്രമണത്തിന് സമാനമായ രീതിയുള്ള ആക്രമണമാണ് മാറാട് അരങ്ങേറിയത്. ഇതെ വെറുമൊരു സാമുദായിക കലാപം എന്ന രീതിയില്‍ ചുരുക്കി കാണുന്നത് ചില ഉന്നത് രാഷ്ട്രീയ സമര്ദ്ദഫലമായാണ് എന്നും ബിജെപി ആരോപിക്കുന്നു.
Discussion about this post