തിരുവനന്തപുരം : കേരളത്തിലെ വന്യജീവി സംഘർഷങ്ങളുടെയും മരണങ്ങളുടെയും കണക്ക് പെരിപ്പിച്ചു കാട്ടാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന വനം വകുപ്പ് സംഘടിപ്പിക്കുന്ന വനമഹോത്സവം 2024 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.
2016 മുതൽ 2024 വരെയുള്ള വന്യജീവി സംഘർഷങ്ങളിലെ മരണങ്ങളുടെ കണക്ക് പലപ്പോഴും മാദ്ധ്യമങ്ങൾ പെരുപ്പിച്ചു കാണിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ വരുത്തുകയാണ്. 848 പേർ ഈ കാലയളവിൽ വന്യജീവി സംഘർഷങ്ങളിൽ മരിച്ചു എന്നാണ് പറയുന്നത്. എന്നാൽ ഇവയിൽ 571 പേരും മരിച്ചത് പാമ്പുകടിയേറ്റാണ് എന്ന സത്യം മറച്ചുവെക്കുകയാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.
മനുഷ്യരുടെ ജീവൻ പോലെ തന്നെ വന്യജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തലും സർക്കാരിന്റെയും വനം വകുപ്പിന്റെയും ചുമതലയാണ്. എന്നാൽ വനംവകുപ്പിന്റെയും വനപാലകരുടെയും സേവനങ്ങൾ പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തിൽ വനസംരക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വനമഹോത്സവം പോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് എന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
Discussion about this post