തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയും സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധികളും നടത്തിയ ചര്‍ച്ച പരാജയം. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്കി സമരം ഒത്തുതീര്‍പ്പാക്കാമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നിലവിലെ അവസ്ഥയില്‍ നിന്ന് മാനേജ്മെന്റുകള്‍ പിന്നോട്ട് പോവാന്‍ തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. മെഡിക്കല്‍ ഫീസ് കുറക്കുകയോ സ്കോളര്‍ഷിപ്പ് നല്‍കുകയോ ചെയ്യില്ലെന്നും അടഞ്ഞ അധ്യായമാണെന്നും അസോസിയേഷന് പ്രസിഡന്റ് കൃഷ്ണകുമാര്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് മണിയോടെ നടന്ന ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദേശം മുന്നോട്ട് വെക്കാനുണ്ടോയെന്ന് മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളോട് ചോദിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഒരു നിര്‍ദേശവുമില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചതോടെയാണ് ചര്‍ച്ച ധാരണയാവാതെ പിരിഞ്ഞത്. വിഷയത്തില്‍ സര്‍ക്കാറുമായി ഇനി ചര്‍ച്ചയില്ല. രാവിലെ ചേര്‍ന്ന അസോസിയേഷന് ഭാരവാഹികളുടെ യോഗത്തില്‍ ഫീസ് കുറക്കുന്നതിനോ സ്കോളര്‍ഷിപ്പ് നല്‍കുന്നതിനോ അംഗങ്ങള്‍ അനുകൂലിച്ചിട്ടില്ല. കോളജുകള്‍ നടത്തി കൊണ്ടു പോകുന്നതിന്റെ ബുദ്ധിമുട്ടുകളാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.
രാവിലെ ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മാനേജ്മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഈ ചര്‍ച്ചയാണ് അന്തിമ തീരുമാനമാകാതെ പരാജയപ്പെട്ടത്. ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായും അസോസിയേഷന് ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മെറിറ്റ് സീറ്റില്‍ പ്രവേശം നേടുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കാമെന്നാണ് എം.ഇ.എസ് അടക്കമുള്ള മാനേജുമെന്റുകള്‍ നിലപാട് സ്വീകരിച്ചിരുന്നത്.
ഫീസിളവുമായി ബന്ധപ്പെട്ട് ഒരു കാര്യവും സര്‍ക്കാരും മാനേജ്മെന്റുകളും ചര്‍ച്ച ചെയ്തില്ലെന്നും നടന്നത് മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ച മാത്രമാണെന്നുമാണ് മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇനിയൊരു ചര്‍ച്ചയുമില്ലെന്നും ഇവര്‍ അറിയിച്ചു.
അതേസമയം, സ്വാശ്രയ പ്രശ്നത്തില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിച്ച സമര പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ടു പോകും. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കാന് മാനേജ്മെന്റ് തയാറായാല്‍ സമരം അവസാനിപ്പിക്കാമെന്നാണ് യു.ഡി.എഫ് നേരത്തെ തീരുമാനിച്ചിരുന്നത്.
ഇതിനിടെ സ്വാശ്രയ നിലപാടില്‍ പ്രതിഷേധിച്ച് നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ നില വഷളായി. ഇതേ തുടര്‍ന്ന് എംഎല്‍എമാരായ ഹൈബി ഈഡന്, ഷാഫി പറമ്പില്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.
രക്തത്തിലെ പഞ്ചാസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. റോജി.എം. ജോണ്‍, വിടി ബല്‍റാം എം.എല്‍.എ എന്നിവര്‍ ഇവര്‍ക്ക് പകരം നിരാഹാരം തുടരും
Discussion about this post