കൊച്ചി: ഉത്തരധ്രുവത്തിലെ ഇന്ത്യന്‍ പര്യവേക്ഷണത്തില്‍ ഇത്തവണ ആറ് മലയാളി ശാസ്ത്രജ്ഞര്‍ പങ്കുചേരുന്നു. ആദ്യമായാണ് ആര്‍ട്ടിക്കിലെ ഇന്ത്യന്‍ ടീമില്‍ എല്ലാ അംഗങ്ങളും മലയാളികളാകുന്നത്. നവംബര്‍ ആദ്യവാരം വരെ സംഘം ആര്‍ട്ടിക്കിലെ ഹിമലോകത്ത് കഴിയും. ലോകം മുഴുവന്‍ ആകാംക്ഷയോടെ വീക്ഷിക്കുന്ന കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് ഇന്ത്യന്‍ സംഘത്തിന്റെ ഗവേഷണ വിഷയം.
നോര്‍വെയുടെ വിദൂരമേഖലയായ സ്വാല്‍ബാഡില്‍ സ്പിറ്റ്‌സ്ബര്‍ഗനിലെ ഇന്ത്യയുടെ ആര്‍ട്ടിക്ക് ഗവേഷണകേന്ദ്രമായ ‘ഹിമാദ്രി സ്റ്റേഷന്‍’ ( Himadri Station ) ആണ് ഇന്ത്യന്‍സംഘത്തിന്റെ താവളം. ഇന്ത്യയുടെ ആദ്യ ആര്‍ട്ടിക്ക് ഗവേഷണകേന്ദ്രമായ ഹിമാദ്രി 2008 ലാണ് ആരംഭിച്ചത്.
ആഗോളതാപനത്തിന്റെ ഫലമായി ഭൂമിക്ക് ചുടുപിടിക്കുമ്പോള്‍ ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് വേഗത്തില്‍ ഉരുകും. ഇതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ അടുത്തറിയാന്‍ ഉത്തരധ്രുവത്തില്‍ ഇന്ത്യന്‍ സംഘം നടത്തുന്ന ഗവേഷണം സഹായിക്കും.
ഗോവയിലെ അന്റാര്‍ട്ടിക് ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ.കെ.പി.കൃഷ്ണന്‍ ആണ് ടീം ലീഡര്‍. കൊച്ചിന്‍ സര്‍വ്വകലാശാലയിലെ മറൈന്‍ ബയോളജി പ്രൊഫസര്‍ ഡോ. മുഹമ്മദ് ഹത്ത, കൊച്ചി മറൈന്‍ ലിവിങ് റിസോഴ്‌സസ് ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ.ഹാഷിം, എം ജി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. മഹേഷ്, ഗവേഷണവിദ്യാര്‍ഥിയായ അരുണ്‍ ബാബു, മുംബൈയിലോ ജിയോ മാഗ്‌നെറ്റിക് ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ.സുനില്‍ എന്നീ മലയാളികളാണ് സംഘത്തിലെ മറ്റുള്ളവര്‍.
ഉത്തരധ്രുവത്തില്‍ ഇപ്പോള്‍ വേനല്‍ക്കാലം അവസാനിച്ച് ശൈത്യം ആരംഭിച്ചുകഴിഞ്ഞു. നവംബര്‍ രണ്ടാംവാരം വരെ ഇന്ത്യന്‍സംഘം ഉത്തരധ്രുവത്തില്‍ പഠനഗവേഷണങ്ങള്‍ നടത്തും. ശൈത്യകാലം അപ്പോഴേക്കും കടുപ്പമേറിയതാകും, അന്തരീക്ഷ താപനില മൈനസ് 30 ഡിഗ്രി വരെയാകും. അതിനാല്‍ സംഘം മടങ്ങും. ധ്രുവകരടികളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മുഖ്യഭീഷണി. അത്തരം എന്തെങ്കിലും ആപത്ഘട്ടമുണ്ടായാല്‍ അത് നേരിടാനുള്ള പ്രത്യേക പരിശീലനം സംഘാംഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
തങ്ങള്‍ ഇതിനകം വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിക്കഴിഞ്ഞതായി ഡോ.മുഹമ്മദ് ഹത്ത ‘മാതൃഭൂമി ഓണ്‍ലൈനി’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മൂന്നാം തവണയാണ് ഡോ.ഹത്ത ഇന്ത്യന്‍ ആര്‍ട്ടിക്ക് സംഘത്തിന്റെ ഭാഗമായി ഉത്തരധ്രുവത്തിലെത്തുന്നത്. ടീം ലീഡറായ ഡോ.കൃഷ്ണന്‍ ആറാം തവണയാണ് ആര്‍ട്ടിക്കിലെത്തുന്നത്.
Discussion about this post