ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വഹിച്ചിരുന്ന എല്ലാ വകുപ്പുകളും ധനമന്ത്രി പനീര്‍സെല്‍വത്തിന് കൈമാറി. ദീര്‍ഘനാളുകള്‍ ജയലളിതക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരും എന്ന ആശുപത്രി അധികൃതരുടെ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഭരണപ്രതിസന്ധി ഒഴിവാക്കാനുള്ള പോംവഴിയായാണ് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു പുതിയ തിരുമാനത്തിലെത്തിയത്. വകുപ്പുമാറ്റത്തെ സംബന്ധിച്ച ഉത്തരവും ഗവര്‍ണര്‍ പുറത്തിറക്കി.
ആഭ്യന്തരം, റവന്യു, പൊതുഭരണം തുടങ്ങിയ ജയലളിത കൈാര്യം ചെയ്തിരുന്ന വകുപ്പുകളുടെ ചുമതലയാണ് ഇനി മുതല്‍ പനീര്‍സെല്‍വം വഹിക്കുക. ജയലളിത തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നും ഉത്തരവിലുണ്ട്. രോഗം സുഖപ്പെട്ട് അധികാരം ഏറ്റെടുക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ജയലളിതയുടെ ഉപദേശപ്രകാരമാണ് ചുമതലകള്‍ കൈമാറാന്‍ തീരുമാനിച്ചതെന്നാണ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കാവേരി പോലുള്ള വിഷയങ്ങളില്‍ തിരുമാനമെടുക്കാന്‍ താത്കാലിക മുഖ്യമന്ത്രിയെ ഉടന്‍ തന്നെ ആവശ്യമാണെന്ന് പ്രതിപക്ഷം ആവശ്യമുന്നയിക്കുകയുണ്ടായി.
കടുത്ത പനിയെത്തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം ദീര്‍ഘകാലം നീളുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറങ്ങിയിരുന്നു. ശ്വാസകോശത്തിനും കരളിനുമുള്ള ചികിത്സ ഏറേക്കാലം വേണ്ടിവരുമെന്നും കൃത്രിമ ശ്വാസം നല്‍കുന്നത് തുടരണമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വിശദീകരിച്ചു.
Discussion about this post