തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നൊഴിയണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കിയ സാഹചര്യത്തില്‍ അഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ജേക്കബ് തോമസ് കത്ത് നല്‍കിയ സാഹചര്യവും ഇനി സ്വീകരിക്കേണ്ട നടപടികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
അപ്രധാന തസ്തികകളില്‍ മുന്‍സര്‍ക്കാരുകള്‍ ഒതുക്കിയ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ പോലെ സുപ്രധാന തസ്തികയില്‍ നിയമിച്ചത് പിണറായി സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു ഈ നിയമനം. ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പരിവേഷം ശക്തമാക്കുന്നതില്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയ പിന്തുണയും നിര്‍ണായകമായെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നു. അതു കൊണ്ട് തന്നെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരുകയാണ് വേണ്ടതെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇത്തരമൊരു നിര്‍ദേശം മുഖ്യമന്ത്രിയില്‍ നിന്ന് ജേക്കബ് തോമസിന് ലഭിച്ചേക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.
സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിക്കും അഭ്യന്തരസെക്രട്ടറിക്കും ജേക്കബ് തോമസ് കത്ത് നല്‍കിയത്. ജേക്കബ് തോമസിന്റെ ആവശ്യത്തില്‍ മുഖ്യമന്ത്രിയാവും അന്തിമതീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി കൂടി വഹിക്കുന്ന നളിനി നെറ്റോ വ്യക്തമാക്കിയിരുന്നു.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കെ നടന്ന സോളാര്‍പാനല്‍ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതോ മറ്റുരാഷ്ട്രീയ കാരണങ്ങളോ അദ്ദേഹം സ്ഥാനമാറ്റം ആവശ്യപ്പെട്ടതിന് പിന്നിലുണ്ടോയെന്ന് വ്യക്തമല്ല. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനത്യാഗമെന്നാണ് സര്‍ക്കാരിന് നല്‍കിയ കത്തില്‍ ജേക്കബ് തോമസ് പറയുന്നത്.
ബുധനാഴ്ച മന്ത്രിസഭാ യോഗം നടക്കുന്നതിനാലും നിയമസഭ ചേരുന്നതിനാലും ഇന്ന് തന്നെ വിഷയത്തില്‍ തീര്‍പ്പുണ്ടാവാനാണ് എല്ലാ സാധ്യതയും.
Discussion about this post