ഡല്‍ഹി: പാക്കിസ്ഥാനെ പൂര്‍ണമായും ലക്ഷ്യമിടാന്‍ കഴിയുന്ന പുതുതലമുറ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ നിര്‍മിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. റഷ്യയുടെ സഹായത്തോടെ 600 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈല്‍ വികസിപ്പിക്കാനാണ് നീക്കം.
ബ്രഹ്മോസിന്റെ നിലവിലെ റേഞ്ച് 300 കിലോമീറ്റര്‍ ആണ്. പാക്കിസ്ഥാനെ മുഴുവനായി പ്രഹരപരിധിയില്‍ കൊണ്ടുവരാന്‍ ഇത് അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് പുതുതലമുറ ബ്രഹ്മോസിനായി ഇന്ത്യ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്. പാക്കിസ്ഥാനിലെ പല മേഖലകളെയും ലക്ഷ്യമിടുമ്പോള്‍ കൂടുതല്‍ ദൂരപരിധിയും കൃത്യതയുമുള്ള മിസൈല്‍ അനിവാര്യമാണ്. ബ്രഹ്മോസിനെക്കാള്‍ റേഞ്ചുള്ള ബാലസ്റ്റിക് മിസൈലുകള്‍ ഇന്ത്യയുടെ കൈവശമുണ്ട്. പക്ഷേ, ബാലസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയാണ് ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ക്ക് സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി ഭേദിക്കാന്‍ സാധിക്കും. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്ക്കില്ല. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നതാണ് പുതിയ തീരുമാനം.
ബ്രഹ്മോസ് മിസൈലുകളെ പൈലറ്റില്ലാത്ത യുദ്ധവിമാനം പോലെ ഉപയോഗിക്കാവുന്നതാണ്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശത്രുവിന്റെ ലക്ഷ്യത്തിലേക്ക് ഏത് ദിശയില്‍ നിന്നും ആക്രമണം നടത്താന്‍ ബ്രഹ്മോസിന് സാധിക്കും തുടങ്ങിയ കാര്യങ്ങളും ഇന്ത്യയുടെ പുതിയ നീക്കത്തിന് കാരണമാണ്.
ഗോവയില്‍ ഇന്ത്യ-റഷ്യ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ ഒപ്പുവച്ച പ്രതിരോധ കരാറുകളിലും അന്തര്‍വാഹിനികളില്‍ നിന്നും പോര്‍വിമാനങ്ങളില്‍ നിന്നും തൊടുക്കാവുന്ന ഹൃസ്വ, മധ്യദൂര മിസൈലുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post