കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ്. ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ബാബുറാം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അയച്ച കത്തുകള്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തി.
ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കത്താണ് വിജിലന്‍സിന് ലഭിച്ചത്. ബാബുറാമും കെ ബാബുവും തമ്മിലുള്ള ഫോണ്‍ രേഖകളുടെ വിവരങ്ങളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ കെ ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും.
കോണ്‍ഗ്രസ് നേതാവാണെന്ന് പരിചയപ്പെടുത്തിയാണ് ബാബുറാം ശങ്കര്‍ റെഡ്ഡിക്കും രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചത്. ബാര്‍ കോഴക്കേസ് ചിലരെ തകര്‍ക്കുന്നതിനുവേണ്ടി ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കേസ് പിന്‍വലിക്കണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
മന്ത്രി ബാബുവും ബാബുറാമും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായാണ് കത്തിനെ വിജിലന്‍സ് കാണുന്നത്.
Discussion about this post