കശ്മീര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് മരിച്ചത്. വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ സുശീല്‍ കുമാറിനെ ജമ്മുവിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചിരുന്നു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ആര്.എസ് പുര, അഖ്നൂര്‍ മേഖലകളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലുകളും ചെറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ശക്തമായ രീതിയില്‍ സേനയും തിരിച്ചടിച്ചതായി ബി.എസ്.എഫ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യംവെച്ചാണ് പാക് റേഞ്ചേഴ്സ് ആക്രമണം തുടങ്ങിയത്. ആര്.എസ് പുര സെക്ടറിലെ കൊരോട്ടാന ഖുര്‍ദ്, ബുദ്ധിപുര്‍ ഗാട്ടന്‍ ഗ്രാമങ്ങളില്‍ 60 എം.എം, 81 എം.എം ഷെല്ലുകളാണ് പതിച്ചത്. ജമ്മു കശ്മീരിലെ ജമ്മു, കത്വ, സാംബ, പൂഞ്ച്, രജൗറി ജില്ലകളിലെ ആറു മേഖലകളിലാണ് പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
ഞായറാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.
Discussion about this post